കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും നടന്ന തലമുറ മാറ്റത്തിൽ തലയുയർത്തി ജില്ലയും.
75 വയസ് എന്ന പ്രായപരിധിയുടെ കടന്പയിൽ ജില്ലയിൽനിന്നും രണ്ടു പേർ സംസ്ഥാന സമിതിയിൽനിന്നും ഒരാൾ സെക്രട്ടേറിയേറ്റിൽനിന്നും ഒഴിവായപ്പോൾ രണ്ടു പേർ സംസ്ഥാന സമിതിയിൽ ഉൾപ്പെട്ടും ഒരാൾ സംസ്ഥാന സെക്രട്ടേറിയറ്റിലും എത്തി.
മന്ത്രി വി.എൻ. വാസവനു സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സംസ്ഥാന സമിതിയിലേക്കു ജില്ലാ സെക്രട്ടറി എ.വി.റസലും ജില്ലാ സെക്രട്ടേറിയറ്റംഗം കെ. അനിൽകുമാറും എത്തി.
മുൻ ജില്ലാ സെക്രട്ടറിമാർ കൂടിയായിരുന്ന വൈക്കം വിശ്വനും കെ.ജെ. തോമസുമാണ് സംസ്ഥാന സമിതിയിൽനിന്ന് ഒഴിവായത്. ഇരുവരും പ്രത്യേക ക്ഷണിതാക്കളായി തുടരും. കെ.ജെ. തോമസ് സെക്രട്ടേറിയറ്റിൽനിന്നും ഒഴിവായിട്ടുണ്ട്.
വാസവന്റെ സെക്രട്ടേറിയറ്റ് സ്ഥാനവും എ.വി.റസലിന്റെ സംസ്ഥാന സമിതി അംഗത്വവും നേരത്തെതന്നെ ഉറപ്പായിരുന്നു. കെ.ജെ. തോമസ് സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാകുന്പോൾ വാസവൻ സെക്രട്ടേറിയറ്റിലെത്തുമെന്നുറപ്പായിരുന്നു.
മധ്യകേരളത്തിൽനിന്നും ഒരു സെക്രട്ടേറിയറ്റംഗം, മന്ത്രി എന്ന നിലയിലുള്ള പ്രവർത്തനം, ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴുള്ള സംഘടനാ മികവ് ഇതൊക്കെയാണു വാസവനെ തുണച്ചത്.
സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചതോടെ, വാസവന്റെ പാർട്ടിയിലെ കരുത്തു വീണ്ടും വർധിച്ചു. ജനകീയ പ്രശ്നങ്ങളിലുള്ള സജീവമായ ഇടപെടലും കേരള കോണ്ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാൻ നടത്തിയ നീക്കങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ പ്രീതിക്കു കാരണമായിരുന്നു
എന്നാൽ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള കെ. അനിൽ കുമാറിന്റെ വരവ് അപ്രതീക്ഷിതമായി. സമ്മേളന പ്രതിനിധിയല്ലാതിരുന്ന അനിൽകുമാർ അവസാനനിമിഷ ചർച്ചകളിൽ ഉൾപ്പെട്ടാണ് സ്ഥാനം ഉറപ്പിച്ചത്.
അടുത്ത കാലത്ത് ചാനൽ ചർച്ചകളിലൂടെ പാർട്ടി വക്താവായി മാറിയ അനിൽകുമാറിന്റെ സംഘടനാ മികവും പാർട്ടിയുടെ ധൈഷണിക, സാംസ്കാരിക മുഖം എന്നിവയിലൂടെയുള്ള പ്രവർത്തനങ്ങളും കോട്ടയത്തെ നദീസംരക്ഷണ പ്രവർത്തനങ്ങളും മുതൽക്കൂട്ടായി.
സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും അനിലിനു ലഭിച്ചിരുന്നു.ജില്ലാ സെക്രട്ടറി എന്ന നിലയിലാണ് റസൽ സംസ്ഥാന സമിതിയിലെത്തുന്നത്. ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ മുതൽ റസൽ കമ്മിറ്റിയിൽ ക്ഷണിതാവായിരുന്നു.
സംസ്ഥാന കമ്മിറ്റിയിലേക്ക് മുതിർന്ന അംഗം കൂടിയായ സുരേഷ് കുറുപ്പിനെ പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഇത്തവണയുമുണ്ടായില്ല.
ഡിവൈഎഫ്ഐ കേന്ദ്ര സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജയ്്ക് സി. തോമസിന്റെ പേര്് സംസ്ഥാന സമിതിയിലേക്കും കണ്ട്രോൾ കമ്മീഷനിലേക്ക് പി.കെ. ഹരികുമാറിനേയും പരിഗണിക്കുമെന്നു കരുതിയിരുന്നെങ്കിലും പരിഗണിച്ചില്ല.
തൃശൂർ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംപിടിച്ച മാഞ്ഞൂർ സ്വദേശിയായ മുൻ എംപി പി.കെ. ബിജുവിനെ ജില്ലയുടെകൂടി പ്രതിനിധിയായി കണക്കാക്കാം.