തിരുവനന്തപുരം: ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചതോടെ സിപിഎമ്മിൽ വെട്ടി നിരത്തൽ തുടങ്ങിയെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നേതാക്കൾക്ക് അനഭിമതരായവരെ പുകച്ചു പുറത്താക്കുകയെന്ന സ്ഥിരം നയമാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നതെന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
25 വർഷം മുൻപ് ഡിവെഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന പി.ആർ. വസന്തനെ കൊല്ലം ജില്ലാ കമ്മറ്റിയിൽ നിന്നും പുകച്ചു പുറത്താക്കി. വസന്തനു ശേഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിലെത്തിയ എ.എം. ഷംസീർ, മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, പി. രാജീവ്, സജി ചെറിയാൻ, എം. സ്വരാജ്, പുത്തലത്ത് ദിനേശൻ എ.എ. റഹീം എന്നിവരാണ് ഇപ്പോൾ സിപിഎമ്മിന്റെ പ്രമുഖ നേതാക്കാൾ.
ഇവർക്ക് മുമ്പ് ഡിവൈഎഫ്ഐ നേതാക്കളായിരുന്ന ടി.പി. ദാസൻ, ടി.ശശിധരൻ, സി.കെ. പി. പത്മനാഭൻ, യു.പി. ജോസഫ്, റെജി സഖറിയ, വി.കെ. മധു തുടങ്ങിയവരെ പാർട്ടി പൂർണമായും തഴഞ്ഞിരിക്കുകയാണ്.
എസ്എഫ്ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധു ജോയ് അവഗണനയിൽ മനം നൊന്താണ് രാഷ്ട്രീയം ഉപേക്ഷിച്ച് നാടുവിട്ടതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.