ഡൊമനിക് ജോസഫ്
മാന്നാർ: സിപിഎം സമ്മേളനങ്ങൾ താഴെ തട്ടുമുതൽ ആർഭാടങ്ങൾക്ക് ഒട്ടും കുറവില്ലാതെയാണ് നടത്തിയത്. ബ്രഞ്ച് മുതൽ ജില്ലാ സമ്മേളനങ്ങൾ വരെ പൂർത്തിയായി കഴിഞ്ഞപ്പോൾ ചെലവ് 100 കോടി കഴിഞ്ഞു. സംസഥാന സമ്മേളനം കൂടിയാകുന്പോൾ ചെലവ് ഇനിയും വർദ്ധിക്കും. കഴിഞ്ഞ നവംബർ മുതലാണ് സിപിഎം സമ്മേളനങ്ങൾ ആരംഭിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ആർഭാടമായി തന്നെയാണ് നടത്തിയത്.
ഒരി ദിവസം നീണ്ട് നിൽക്കുന്ന തരത്തിൽ സംഘടിപ്പിച്ച ബ്രാഞ്ച് സമ്മേളനങ്ങൾക്ക് മാത്രമായി 5000 മുതൽ 7500 രൂപ വരെ ചെലവഴിച്ചിട്ടുണ്ട്. കൊടി,തോരണങ്ങൾ, പ്രചാരണ ബോർഡ്, നോട്ടീസ് എന്നിവയ്ക്കായി 3000 രൂപയാണ് ഒരോ ബ്രാഞ്ച് സമ്മേളനങ്ങളിലും ചെലവാക്കിയത്. ബഹുജന പങ്കാളിത്തത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. പ്രകടനമായി പുഷ്പാർച്ചന നടത്തിയ ശേഷം തിരികെ എത്തിയവർക്ക് ചായയും ലഘുഭക്ഷണവും തുടർന്ന് ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പങ്കെടുത്തവർക്കെല്ലാം ഉച്ചയൂണ്.
ഇത്തരത്തിൽ ഭക്ഷണത്തിന് മാത്രമായി 4000 രൂപയോളമാണ് ചെലവായത്. ശരാശരി ഒരു ബ്രാഞ്ച് സമ്മേളനത്തിന് 6000 രൂപ ചിലവായെങ്കിൽ പോലും സംസ്ഥാനത്ത് 31,700 ബ്രഞ്ചുകളാണ് ഉള്ളത്. ഇത്തരത്തിലാണെങ്കിൽ 19,020,000 രൂപയാണ് ബ്രഞ്ച് സമ്മേളനങ്ങൾക്ക് മാത്രമായി ചെലവായത്. ലോക്കൽ സമ്മേളങ്ങളിലേക്ക് എത്തിയപ്പോഴേക്കും ചെലവ് ഇരട്ടിയായി.
രണ്ട് ദിനമായിട്ടാണ് സമ്മേളനങ്ങൾ. ഹാളിന്റെ വാടക, പ്രതിനിധികൾക്ക് വേണ്ട് ഫയൽ, ബാഡ്ജ്, ഭക്ഷണം, പൊതു സമ്മേളനത്തിന് വേണ്ട സ്റ്റേജ് മൈക്ക്, പ്രചാരണം, റെഡ് വോളന്റീയേഴ്സിനുള്ള ഡ്രസ് എന്നിങ്ങനെ ഒരു വൻ തുക തന്നെ ചെലവാക്കേണ്ടി വന്നു. ഒരു ലോക്കൽ സമ്മേളനത്തിന് ഒരു ലക്ഷം രൂപാ വരെയാണ് ഏറ്റവും കുറഞ്ഞ ആർഭാടത്തിൽ നടത്തിയ സമ്മേളനങ്ങൾക്ക് ചെലവായത്.സംസ്ഥാനത്ത് 2093 ലോക്കൽ കമ്മറ്റികളാണ് ഉള്ളത്.
ഇത്തരത്തിൽ 20,930,0000 രൂപയാണ് ചിലവായത്. ബ്രഞ്ച്,ലോക്കൽ സമ്മേളനങ്ങൾക്ക് മാത്രമായി ഇത്തരത്തിൽ 40 കോടി രൂപാ ചെലവഴിക്കേണ്ടി വന്നു. ഏരിയാ സമ്മേളനങ്ങളിൽ എത്തിയപ്പോഴേക്കും വീണ്ടും ചെലവേറി. മൂന്ന് ദിനങ്ങളിലായിട്ടാണ് സമ്മേളനങ്ങൾ നടന്നത്. പ്രചാരണങ്ങൾക്ക് ആർച്ചുകൾ, ബോർഡുകൾ, നോട്ടീസ്, അനൗണ്സ്മെന്റ് എന്നിവയ്ക്കായി തന്നെ ലക്ഷങ്ങളാണ് ചിലവഴിക്കേണ്ടി വന്നത്. കൂടാതെ പ്രതിനിധികൾക്ക് രണ്ട് ദിവസത്തെ ഭക്ഷണം, പൊതുസമ്മേളനത്തിനും പ്രകടനത്തിനുമായി ലോക്കൽ കമ്മറ്റികളിൽ നിന്ന് വാഹനത്തിൽ ആളുകളെ എത്തിച്ചതിന്റെ വാഹന കൂലി, അവർക്കുള്ള ഭക്ഷണം തുടങ്ങി ഭാരിച്ച ചെലവാണ് ഏരിയാ കമ്മറ്റി സമ്മേളനങ്ങൾക്കായി വേണ്ടി വന്നത്.
ശരാശരി 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായിതായിട്ടാണ് സമ്മേളന കണക്കുകൾ സ്വാഗതം സംഘം ഭരാവാഹികൾ കമ്മറ്റികളിൽ അവതരിപ്പിച്ചത്. 206 ഏരിയാ കമ്മറ്റികളാണ് നിലവിൽ ഉള്ളത്.സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ഏരിയാ സമ്മേളനങ്ങൾക്ക് ചെലവായത് 20,60,00000. ഇനി ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്പോൾ ആർഭാടങ്ങളുടെ വേലിയേറ്റമായിരുന്നു. പ്രചാരണങ്ങൾക്ക് തന്നെ ഒരു വൻ തുകയാണ് ചിലവാക്കിയിരുന്നത്. നാല് ദിവസങ്ങളിലായിട്ടാണ് സമ്മേളനങ്ങൾ സംഘടിപ്പിച്ചത്.
സമ്മേളനങ്ങൾക്ക് മുന്നോടിയായി നടക്കുന്ന വിവിധ സെമിനാറുകൾക്കും വൻ പണചിലവാണ് ഉള്ളത്. ജില്ലാ സമ്മേളനം നടക്കുന്ന പട്ടണത്തെ ചുവപ്പിൽ മുക്കി ആകർഷകമായ വിവിധ ബോർഡുകളും ആർച്ചുകളും നിരത്തിയാണ് എല്ലായിടങ്ങളിലും സമ്മേളനം കൊഴിപ്പിച്ചത്. പ്രതിനിധികൾക്ക് താമസിക്കുവാൻ ഹോട്ടലുകൾ ഏർപ്പാടാക്കിയതിനും വൻ തുകയായി.സംസ്ഥാന നേതാക്കൾക്ക് താമസിക്കുവാൻ വേണ്ട പ്രത്യേക സൗകര്യങ്ങൾക്കും ഭക്ഷണത്തിനും തുക വേറെ.
ജില്ലാ സമ്മേളനമായപ്പോഴേക്കും പ്രതിനിധികൾക്ക് നൽകുന്ന ബാഗ്, ബാഗിനുള്ളിലെ ഗിഫ്റ്റ് എന്നിവയ്ക്കും ഒരു വൻ തുക ചിലവഴിക്കേണ്ടി വന്നു. ജില്ലാ നേതാക്കൾ സമ്മേളന നടത്തിപ്പുമായി താഴെ തട്ടിലുള്ള കമ്മിറ്റികളിൽ പങ്കെടുക്കുന്പോൾ തന്നെ സമ്മേളന നടത്തിപ്പിന് 25 ലക്ഷം രൂപയെങ്കിലും ചെലവാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ 25 ലക്ഷം മുതൽ 40 ലക്ഷം രൂപാ വരെയാണ് ഒരോ ജില്ലാ സമ്മേളനങ്ങളുടെയും കൊഴിപ്പിനനുസരിച്ച് ചെലവായത്.
ശരാശരി 30 ലക്ഷം രൂപാ ചിലാവായെങ്കിൽ പോലും 14 സമ്മേളനങ്ങളിലൂടെ പൊടിച്ചത് 4.2 കോടി രൂപയാണ്. ഇതോടെ ജില്ലാ സമ്മേളനങ്ങൾ വരെ പൂർത്തിയായപ്പോൾ പൊടിച്ചത് 100 കോടിയിൽ ഏറെ തുകയാണ്. സംസ്ഥാന സമ്മേളനം കൂടി കഴിയുമ്പോൾ തുക പിന്നെയും ഏറും. സമ്മേളനങ്ങൾക്ക് ചിലവായ ശരാശരി കണക്കനുസരിച്ച് 100 കോടി കവിയുന്പോൾ യഥാർത്ഥ കണക്ക് ഇതിലും ഏറുവാനാണ് സാധ്യത.
ഇതോടൊപ്പം നടന്നു വരുന്ന സിപിഐ സമ്മേളനങ്ങൾക്കും കൊഴുപ്പിന് കുറവില്ല.സിപിഎം ന് ഒപ്പം കമ്മറ്റികൾ ഇല്ലാത്തതിനാൽ സമ്മേളനങ്ങൾ പൂർത്തിയാകുന്പോൾ സിപിഎം സമ്മേളനങ്ങളുടെ പകുതി തുകയെങ്കിലും ചിലവാകും. ഭരണകക്ഷിയിലെ പ്രമുഖ രണ്ട് സംഘടനകൾ സമ്മേളനത്തിലൂടെ പൊടിച്ചത് 150 കോടിയിലേറെ തുക.