കോട്ടയം/ഏറ്റുമാനൂർ: സിപിഎം ഏരിയ സമ്മേളനങ്ങളിൽ തർക്കം രൂക്ഷം. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിൽ പുതിയ ഏരിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ തർക്കമാണുണ്ടായത്.
ഒടുവിൽ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളും ഏറ്റുമാനൂർ ഏരിയയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും ചർച്ച നടത്തിയാണ് ബാബു ജോർജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഏരിയ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയ കെ.എം. വേണുഗോപാലിന് പകരമാണ് പുതിയ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ജയപ്രകാശ്, എം. എസ്. സാനു എന്നിവരിൽ ഒരാളെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
വി.ജയപ്രകാശിന് ഏരിയ സെക്രട്ടറി സ്ഥാനം നൽകണമെന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കെ.എം. വേണുഗോപാൽ നിർദേശിച്ചെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ നിരസിച്ചു.
എം.എസ്. സാനുവിനെ പരിഗണിക്കാം എന്ന നിർദേശം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുന്നോട്ട് വച്ചെങ്കിലും കെ.എം. വേണുഗോപാൽ ഇതിനെ എതിർത്തു.
ഇതിനെ തുടർന്ന് ഒന്നര മണിക്കൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി വി.എൻ. വാസവൻ, കെ. സുരേഷ് കുറുപ്പ് , പി.കെ. ഹരികുമാർ, ടി.ആർ. രഘുനാഥൻ, കെ.എം. രാധാകൃഷ്ണൻ എന്നിവരും ഏറ്റുമാനൂർ മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും തമ്മിൽ നടത്തിയ സമവായ ചർച്ചക്കു ശേഷമാണ് ബാബു ജോർജിനെ പരിഗണിക്കാൻ തീരുമാനിച്ചത്.
എന്നാൽ ആറു മാസം മുന്പ് മാത്രം ഏരിയ കമ്മിറ്റിയിൽ എത്തിയ ബാബു ജോർജിനെ സെക്രട്ടറിയാക്കുന്നതിലുള്ള അതൃപ്തി പ്രതിനിധികൾ പ്രകടിപ്പിച്ചു. ബാബു ജോർജിനെ തെരഞ്ഞെടുത്തതായി ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ആർ. രഘുനാഥൻ പ്രഖ്യാപിച്ചപ്പോൾ സമ്മേളന ഹാൾ നിശബ്ദമായ അവസ്ഥയായിരുന്നു.
നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം
ഇന്നലെ രാമപുരത്തു നടന്ന പാലാ ഏരിയ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നു. നിലവിലെ ഏരിയാ സെക്രട്ടറി പി.എം.ജോസഫിനെ വീണ്ടും സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു.
പാലായിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റംഗത്തിനെതിരെ സമ്മേളനത്തിൽ രൂക്ഷമായ വിമർശനമുയർന്നു. നേതാവല്ല വലുത് പാർട്ടിയാണെന്നു പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു.
ഏരിയാ സെക്രട്ടറിയുടെ കൈയും കാലും സെക്രട്ടേറിയേറ്റംഗം കെട്ടിയിട്ടിരിക്കുകയാണെന്നും സെക്രട്ടേറിയേറ്റംഗം അപ്രമാദിത്വം കാണിക്കുകയാണെന്നും എതിർക്കുന്ന നേതാക്കളെയും പ്രവർത്തകരേയും പാർട്ടിയിൽ നിന്നും ഇല്ലാതാക്കുന്ന സമീപനമാണ് സെക്രട്ടേറിയേറ്റംഗം നടത്തുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
ഏരിയ സെക്രട്ടറി മറുപടി പ്രസംഗത്തിൽ സെക്രട്ടേറിയേറ്റംഗത്തിനെതിരെ രൂക്ഷവിമർശനം നടത്തുകയും ചെയ്തു.അടുത്ത നാളിൽ സെക്രട്ടേറിയേറ്റംഗത്തിന്റെ ഗ്രൂപ്പിലെത്തിയ വി.ജി.വിജയകുമാറിനെ സെക്രട്ടറിയാക്കാൻ സെക്രട്ടേറിയേറ്റംഗം ശ്രമം നടത്തിയെങ്കിലും ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങൾ ഇതിനെ എതിർത്തു.
ബാങ്ക് പ്രസിഡന്റ്, ഏരിയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് സെക്രട്ടേറിയേറ്റംഗം തന്നോടൊപ്പം നേതാക്കളെ കൂട്ടാൻശ്രമം നടത്തിയിരുന്നതായും സമ്മേളത്തിൽ വിമർശനമുയർന്നിരുന്നു.
പാലാ, കടുത്തുരുത്തി തോൽവി
നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ സമ്മേളത്തിനു മുന്പ് സമർപ്പിച്ചേക്കും.
സംസ്ഥാനത്താകെ നിയോഗിച്ച കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിക്കുകയും തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടും ജില്ലയിലെ കമ്മീഷനുകൾ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ രൂക്ഷ വിമർശനം ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ ഉയർന്നു.
ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ചയ്ക്കു വരുന്നതിനു മുന്പ് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സെക്രട്ടറി കമ്മീഷനംഗങ്ങൾക്ക് നിർദേശം നൽകി.
അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന. ഇരു കമ്മീഷനുകളും ആദ്യം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്വേഷണവും റിപ്പോർട്ടും തൃപ്തികരമല്ലെന്നു പറഞ്ഞു സംസ്ഥാന കമ്മറ്റി തള്ളുകയായിരുന്നു. പരാജയത്തിൽ ആർക്കെതിരെയും നടപടി കമ്മീഷൻ ശിപർശ ചെയ്തിട്ടില്ല.
രണ്ടു ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളെ നടപടിയിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ട് വൈകിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രഫ. എം.ടി. ജോസഫ്, ടി.ആർ. രഘുനാഥൻ എന്നിവർ പാലായിലും പി. കെ.ഹരികുമാർ, കെ.എം.രാധാകൃഷ്ണൻ എന്നിവർ കടുത്തുരുത്തിയിലും അന്വേഷണ കമ്മീഷൻ അംഗങ്ങളാണ്.
മാണി സി. കാപ്പനുമായി അന്തർധാര
നിയമസഭ തെരഞ്ഞെടപ്പിൽ പാലായിൽ സിപിഎം അണികളും മാണി സി. കാപ്പനുമായി അന്തർ ധാരയുണ്ടായിരുന്നതായി സമ്മേളനത്തിൽ വിമർശനം.
മാണി സി. കാപ്പൻ മൂന്നു തവണ മത്സരിച്ചു പരാജയപ്പെടുകയും ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തതോടെ സിപിഎം അണികളുമായി ആത്മബന്ധമുണ്ടായി. ഇത് വോട്ടായി മാറിയെന്ന് പ്രതിനിധികൾ പറഞ്ഞു.
മണ്ഡലത്തിലെ ജനങ്ങളുടെ വികാരം മനസിലാക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ല. എംഎൽഎ എന്ന നിലയിൽ ജനകീയ പ്രവർത്തനങ്ങളിലൂടെ മാണി സി. കാപ്പൻ ജനങ്ങളുടെ ഇടയിൽ ഇടം തേടിയെന്നും പ്രതിനിധികൾ പറഞ്ഞു.
സിപിഎം -കേരള കോണ്ഗ്രസ് എം പ്രവർത്തകർ തമ്മിൽ ബൂത്തുതലത്തിൽ ധാരണയില്ലായിരുന്നെന്നും ഏരിയ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്.