കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. രാവിലെ ഒൻപതിന് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന സിപിഎം നേതാവ് എ. കെ. ബാലൻ പതാക ഉയർത്തി. സിപിഎം ദേശീയ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് എം. വി. ഗോവിന്ദൻ അവതരിപ്പിച്ച സിപിഎം സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ചോർച്ച ഗൗരവപരമായി കാണണം. സിപിഎമ്മിൽനിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുതലും ബിജെപിയിലേക്കാണെന്നാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്.
സംഘാടക സമിതി ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതവും ജനറൽ കൺവീനർ എസ്. സുദേവൻ നന്ദിയും പറഞ്ഞു. ഭരണത്തിൽ നടപ്പാക്കേണ്ട നിലപാടുകൾ അടങ്ങുന്ന നവകേരള നയരേഖ പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ കാലത്തിനനുസരിച്ച് ഭരണം മുന്നോട്ട് പോകണം എന്നതാണ് നയരേഖയിൽ പ്രധാനമായും പറയുന്നത്.
വികസന നയങ്ങളിൽ ഉദാരപരിഷ്കരണം വേണമെന്ന ആവശ്യമാണ് മുഖ്യമന്ത്രിക്കുള്ളത്. എറണാകുളത്ത് നടന്ന സമ്മേളനത്തിലും ഇതവതരിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ അവതരിപ്പിച്ച “നവകേരളത്തിനായുള്ള പാർട്ടി കാഴ്ചപ്പാട്’ നയരേഖ ഭരണതലത്തിൽ നടപ്പിലാക്കി തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നയരേഖ അവതരിപ്പിക്കുക.
ക്ഷേമസർക്കാരിൽ മാത്രം ഒതുങ്ങാതെ വികസന സർക്കാൻ എന്ന രീതിയിലേക്ക് സർക്കാരിനെ നയിക്കുന്നതോടൊപ്പം മധ്യവർഗത്തിന്റെ പിന്തുണ നേടാനാണ് സിപിഎം ശ്രമിക്കുന്നത്. പുതിയ സർക്കാരിന്റെ നയമെന്ന നിലയ്ക്കാണ് “നവകേരളത്തിനുള്ള പുതുവഴികൾ’ രേഖ സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിക്കുക. നാളെയും മറ്റെന്നാളുമാണ് പ്രതിനിധി ചർച്ചകൾ നടക്കുന്നത്. എട്ടിന് വിവിധ പ്രമേയാവതരണങ്ങളും നടക്കും.
പ്രതിനിധി സമ്മേളനത്തിന്റെ അവസാനദിവസമായ ഒന്‍പതിന് ചർച്ചകൾക്കുള്ള മറുപടിയും റിപ്പോർട്ട് അംഗീകരിക്കലും പ്രസംഗങ്ങളും നടക്കും. തുടർന്ന് സംസ്ഥാന കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണവും ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ചയും ഇതോടനുബന്ധിച്ചു നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് റെഡ് വോളണ്ടിയർമാർ അണിനിരക്കുന്ന മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും നടക്കും. വൈകുന്നേരം അഞ്ചിന് ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം നടക്കും. ഇതിന് മുൻപ് രണ്ടുപ്രാവശ്യമാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയായത്. 1971 ലും 1995 ലും. 30 വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം ഇത്തവണ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.
വിമർശനങ്ങൾ ഉയരും തന്ത്രങ്ങൾ മെനയും
കൊല്ലം: രണ്ടാം പിണറായി സര്‍ക്കാരിനെ മൂന്നാംവട്ടവും അധികാരത്തിലേറ്റാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ചർച്ച ചെയ്യുന്നതിനുള്ള വേദിക്ക് പുറമെ സർക്കാരിനെതിരേയുള്ള വിമർശനങ്ങൾക്കും സിപിഎം സമ്മേളനം വേദിയാകും. ഓണറേറിയം വര്‍ധനയ്ക്കായി സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരവും ആ സമരത്തെ ചില സിപിഎം നേതാക്കളും സര്‍ക്കാരും നേരിട്ട രീതിയും നിശിതവിമര്ശനത്തിനിടയാക്കുമെന്നുറപ്പ്.
ബ്രൂവറി വിഷയത്തിലെ സര്‍ക്കാര്‍ നിലപാടും കിഫ്ബി റോഡുകളിലെ ടോളും പ്രതിനിധികള്‍ ഉന്നയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും പ്രതിനിധി ചര്‍ച്ചയിലുയരും. സംസ്ഥാനം മയക്കുമരുന്നിന്റെ ഹബ് ആകുന്നതും കൗമാരക്കാരിലെ അക്രമവാസനയും ക്രമസമാധന തകര്‍ച്ചയുമടക്കം പ്രതിനിധികള്‍ ഉന്നയിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസവും പാലക്കാട് ഉപതെരഞ്ഞടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഇ.പി. ജയരാജന്റെ പ്രവൃത്തികളും രൂക്ഷവിമര്ശനത്തിനടയാക്കിയേക്കും. മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളും രക്ഷാസേനപ്രയോഗവുമടക്കം മൂന്നുദിവസത്തെ ചര്‍ച്ചകള്‍ക്ക് ചൂടേറ്റും. വയനാട് പുനരധിവാസത്തിലെ കാലതാമസം ഉൾപ്പെടെ റേഷന്‍കടകളും മാവേലിസ്റ്റോറുകളും കാലിയാകുന്നതും പ്രതിനിധികള്‍ ചോദ്യം ചെയ്യാനിടയുണ്ട്.
പത്തനംതിട്ട, കണ്ണൂർ ഘടകങ്ങൾ നേർക്കുനേർ
കൊല്ലം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച സിപിഎം പത്തനംതിട്ട-കണ്ണൂർ ഘടകങ്ങൾ പ്രതിനിധി സമ്മേളനത്തിൽ നേർക്കുനേർ വരും. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന നവീൻബാബുവിന്റെ ആത്മഹത്യയിൽ അദ്ദേഹത്തിന്റെ സ്വദേശമായ പത്തനംതിട്ടയിലെ പാർട്ടിഘടകം കടുത്ത നിലപാടാണ് സ്വീകരിച്ചത്.
ഇത് ആദ്യഘട്ടത്തിൽ മരണത്തിന് കാരണമായ സിപിഎം വനിതാ നേതാവ് പി.പി. ദിവ്യയെ ന്യായീകരിക്കാൻ ശ്രമിച്ച കണ്ണൂർ നേതൃത്വത്തിന് തിരിച്ചടിയായിരുന്നു.സംസ്ഥാന നേതൃത്വവും പത്തനംതിട്ട ഘടകത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കണ്ണൂർ പാർട്ടി കടുത്ത പ്രതിരോധത്തിലായി. നവീനിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎമ്മെന്ന് തുടക്കത്തിൽതന്നെ പത്തനംതിട്ട ജില്ലാഘടകം പ്രഖ്യാപിച്ചതോടെ അതിൽനിന്ന് വേറിട്ടൊരു അഭിപ്രായം പറയാൻ സംസ്ഥാന നേതൃത്വത്തിനും പറ്റാതാവുകയായിരുന്നു.
കണ്ണൂർ ഘടകം പി.പി. ദിവ്യയെ അഴിമതിവിരുദ്ധ പോരാളിയാക്കിയാണ് ആദ്യം പ്രസ്താവനയിറക്കിയത്. ജില്ലാ സമ്മേളനത്തിൽ പത്തനംതിട്ട ഘടകത്തിനെതിരേ കണ്ണൂരിലെ ഏരിയാ കമ്മിറ്റികളിൽ നിന്ന് കടുത്ത വിമർശനമുയർന്നിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും നവീൻ ബാബുവിന്റെ മരണം വലിയ ചർച്ചയായിരുന്നു. നവീൻ ബാബു വിഷയത്തിൽ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ഭിന്നാഭിപ്രായം പ്രതിനിധികൾ വിമർശിച്ചു.
- റെനീഷ് മാത്യു