സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടും അതൊന്നും ബാധകമാകാതെ സിപിഎം സമ്മേളനം.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 500ൽ അധികം സ്ത്രീകൾ അണിനിരക്കുന്ന മെഗാ തിരുവാതിര ഇന്ന് നടത്താനാണ് പാർട്ടിയുടെ തീരുമാനം.
രാഷ്ട്രീയ പൊതുപരിപാടികൾക്കു നിലവിൽ വിലക്കില്ലെന്നും ശാരീരിക അകലമടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തുന്നതെന്നുമാണ് സംഘാടകർ പറയുന്നത്.
14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം സ്ത്രീകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഇന്ന് വൈകുന്നേരം നാലിനു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാല ഏരിയ കമ്മിറ്റിയാണ് സംഘാടകർ.കോവിഡ്, ഒമിക്രോൺ വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു.
അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ആൾക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിർദേശം നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.