തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി ജനങ്ങളിലെത്തുന്നില്ലെന്നും ഇതു ചെയ്യാൻ ഉത്തരവാദിത്തപ്പെട്ട ഏജൻസികൾ പണം ചിലവാ ക്കുന്നവരായി മാത്രം ഒതുങ്ങിപ്പോകുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സർക്കാരിനു കേവലം ഇനി ഒന്നരവർഷം കുടി മാത്രമേ ബാക്കിയുള്ളൂ. ലൈഫ് പോലുള്ള ജനകീയ പദ്ധതികൾ ഇഴഞ്ഞു നീങ്ങുകയാണ്.
എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭവനപദ്ധതി ധാരാളം പേർക്കു പ്രയോജനം ചെയ്യുന്നുണ്ട്. തദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പു പാർട്ടിയേയും സർക്കാരിനേയും ഒരേ ദിശയിൽ കൊണ്ടുപോകാൻ വേണ്ട നടപടികൾ കൈ ക്കൊണ്ടില്ലെങ്കിൽ പരാജയമാകും ഫലമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നടക്കുന്ന ചർച്ചകളും തീരുമാനങ്ങളും വരെ മാധ്യമങ്ങൾക്കു കൃത്യമായി ലഭിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നു പല തവണ തീരുമാനമെടുത്തെങ്കിലും ഒന്നും നടന്നില്ല. പാർട്ടി വാർത്തകൾ ചോരുന്നതുപോലെ തന്നെയാണു പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ പോലും മാധ്യമങ്ങൾക്കു ലഭിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വിവാദങ്ങൾ ഒഴിഞ്ഞ നേരമില്ലെന്നും പോലീസ് സർക്കാരിനു തലവേദനയാണെന്നും സെക്രട്ടേറിയറ്റിൽ നേതാക്കൾ പറഞ്ഞു.
തെറ്റുതിരുത്തൽ രേഖകൾ ഒരുപാടു ചർച്ച ചെയ്തതാണ്. തെറ്റ് ആരും ചെയ്താലും നടപടി ഉണ്ടാകണം. പാർട്ടിയിൽ തിരുത്തലുകൾ അനിവാര്യമാണ്. അല്ലെങ്കിൽ പാർട്ടിയുടെ ജനകീയടിത്തറ തകരുമെന്നും നേതാക്കൾ വിമർശിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം നടക്കാനാണു സാധ്യത.