പത്തനംതിട്ട: സിപിഎം പത്തനംതിട്ട ലോക്കല്‍ കമ്മിറ്റി വിഭജനം തത്കാലം വേണ്ടെന്നു തീരുമാനം. പത്തനംതിട്ട നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ ലോക്കല്‍ കമ്മിറ്റി വിഭജിക്കാനായിരുന്നു തീരുമാനം.
വിഭജനത്തിനെതിരെ വ്യാപക പരാതികളുയര്ന്നതിനേ തുടര്‍ന്നാണ് നടപടി വേണ്ടെന്നുവച്ചത്. കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ഘടകത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്ദേശിക്കപ്പെട്ടയാളെ സംബന്ധിച്ചാണ് പരാതികളേറെയും സംസ്ഥാന കമ്മിറ്റിക്ക് അടക്കം ലഭിച്ചിട്ടുള്ളത്.
ഇതിലേറെയും കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുമാണ്. പത്താംവാര്‍ഡിലെ എസ്ഡിപിഐ വിജയം, എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്കുള്ള തള്ളപ്പെട്ടതടക്കമുള്ള വിഷയങ്ങളും പിന്നാലെ എസ്ഡിപിഐയ്ക്ക് നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചതുമെല്ലാം പരാതികളായെത്തി.
ഇക്കാര്യങ്ങളില്‍ എസ്ഡിപിഐയെ സഹായിച്ചയാളെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചതോടെയാണ് വിഭജന നീക്കംതന്നെ പാളിയത്. നിലവിലെ ലോക്കല്‍ സെക്രട്ടറിയ്ക്കെതിരെയും പരാതികളുണ്ടായി.
വിഭജനം തത്കാലം ഉപേക്ഷിച്ചതിനേ തുടര്‍ന്ന് തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ നല്കാന് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ചിറ്റാറിലെ ബന്ധം ന്യായീകരിക്കാനാകാതെ നേതൃത്വം
ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് മെംബറെ പ്രസിഡന്റായി നടത്തിയ രാഷ്ട്രീയ നീക്കത്തിനെതിരെ പ്രാദേശികതലത്തില്‍ ഉയര്‍ന്ന പരാതികളില്‍ വിശദീകരണം നല്‍കാനാതെ ജില്ലാ നേതൃത്വം.
ചിറ്റാര്‍ ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കേ പ്രസിഡന്റിനുള്ള പിന്തുണ എല്‍ഡിഎഫ് പിന്‍വലിക്കണമെന്നാവശ്യമാണ് ഉയര്‍ന്നത്.
ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്ന ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിലെ സജി കുളത്തിങ്കലിനെ എല്‍ഡിഎഫ് പ്രസിഡന്റു സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.
സിപിഎം മെംബര്‍ വൈസ് പ്രസിഡന്റുമായി. കോണ്‍ഗ്രസില്‍ നിന്നു പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ വന്നതിനേ തുടര്‍ന്ന് അമര്‍ഷത്തിലായ സജിയെ കൂട്ടുപിടിച്ച നടപടിയെയാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഭൂരിഭാഗവും എതിര്‍ത്തത്.
വിഷയം സീതത്തോട്, പെരുനാട് ലോക്കല്‍ കമ്മിറ്റികളിലും ചര്‍ച്ചയായി. ചിറ്റാര്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്ന് ചിലയാളുകള്‍ രാജികൂടി വച്ചതോടെ പ്രശ്നം അവസാനിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പങ്കെടുത്ത് ലോക്കല്‍ കമ്മിറ്റി യോഗം വിളിച്ചെങ്കിലും അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി ഉണ്ടായില്ല.
രണ്ട് നേതാക്കളുടെ താത്പര്യം മാത്രമാണ് ഇത്തരമൊരു ബന്ധത്തിനു പിന്നിലെന്നാണ് ആരോപണമുണ്ടായത്. സീതത്തോട്, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിലും പാര്‍ട്ടി താത്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി പ്രശ്ന പരിഹാരത്തിനുള്ള ശ്രമവുമായാണ ്ജില്ലാ നേതൃത്വം ഇടപെട്ടത്.