കണ്ണൂർ: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി അടുത്തയാഴ്ച പരിഗണിക്കുന്പോൾ സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.സിംഗിൾ ബെഞ്ച് വിധി ശുഹൈബിന്റെ കുടുംബത്തിന് അനുകൂലമായാൽ തന്നെ സർക്കാർ ഡിവിഷൻ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചേക്കും. നേരത്തെ ഫസൽ കേസിൽ ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും അപ്പീൽ സമർപ്പിച്ചത് സർക്കാരാണ്. ഇവിടെയും അത് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്.
യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് അറിയിക്കാൻ ഹൈക്കോടതി സിബിഐക്ക് ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവർ നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ച് തീരുമാനം. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേസ് പരിഗണിക്കുന്പോൾ സിപിഎം കക്ഷിചേരുമോ എന്നതും പ്രധാന ചോദ്യമാണ്. ഹർജിയിൽ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരേ പേരെടുത്ത് പരാമർശമുള്ള സാഹചര്യത്തിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾ കേസിൽ കക്ഷിചേരാൻ സാധ്യത കുറവാണ്.
അങ്ങനെയുണ്ടായാൽ ഫസൽ കേസിലെ നിർണായക വിധി ഈ കേസിലും ബാധകമാകും. നേരത്തെ അരിയിൽ ഷുക്കൂർ വധക്കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചപ്പോൾ കുറ്റപത്രം സമർപ്പിച്ച കേസായതിനാൽ രണ്ടു പ്രതികളാണ് കക്ഷി ചേർന്നത്. ഈ സാഹചര്യം ഇവിടെയില്ല.
സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്താൽ ഫസൽ വധക്കേസിനു സമാനമായ രീതിയിലായിരിക്കും തുടർനടപടി. ഫസൽ കേസ് ഹൈക്കോടതി വിധിക്കെതിരേ സർക്കാർ തന്നെ സുപ്രീംകോടതിയെ സമീപിച്ചത് കോടതിയിൽ നിന്നു വലിയ വിമർശനമുണ്ടായിരുന്നു.
ഭരണകൂടം തന്നെ പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതു ഭരണസംവിധാനത്തിന്റെ പരാജയമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. കഴിഞ്ഞ 12നു രാത്രിയിലാണ് അഞ്ചംഗസംഘം ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മുകാരായ അഞ്ചുപേരാണ് ആക്രമണം നടത്തിയതെന്നു പരിക്കേറ്റ റിയാസ് മൊഴി നൽകിയിട്ടുണ്ട്.