കണ്ണൂർ: പയ്യാന്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ കേസിൽ ചാല പടിഞ്ഞാറേക്കര സ്വദേശിയായ 54കാരൻ കസ്റ്റഡിയിൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ, എസിപി സിബി ടോം, ടൗൺ സിഐ കെ.സി.സുബാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. സ്തൂപങ്ങളിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കാണെന്നും പോലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.വ്യാഴാഴ്ച രാവിലെയാണ് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എംപി ഒ. ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾ രാസവസ്തുക്കൾ ഉപയോഗിച്ച് വികൃതമാക്കിയ നിലയിൽ കണ്ടത്. ഇതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.
സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് നൽകിയ പരാതിയെത്തുടർന്ന് കണ്ണൂർ എസിപി സിബി ടോം, ടൗൺ എസ്എച്ച്ഒ സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
പിടിയിലായത് യഥാർഥ പ്രതിയോ?
അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത് ആക്രിപെറുക്കി ഉപജീവനം നടത്തുന്നയാളെയാണ്. കുപ്പി പെറുക്കിയപ്പോൾ അതിലുണ്ടായിരുന്ന വെള്ളം ഒഴിച്ചുകളയാനായാണ് സ്തൂപങ്ങളുടെ സമീപം ഇയാൾ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ചാല പടിഞ്ഞാറേക്കര സ്വദേശിയായ ഇയാൾ കണ്ണൂർ നഗരത്തിലാണ് ആക്രി പെറുക്കുന്നത്
. എന്നാൽ, സിപിഎം നേതാക്കളുടെ മാത്രം സ്മൃതി കുടീരത്തിൽ കുപ്പിയിലുണ്ടായിരുന്ന ദ്രാവകം ഒഴിച്ചതിലാണ് ദുരൂഹത നിലനിൽക്കുന്നത്. സമീപത്ത് തന്നെ കോൺഗ്രസ്-ബിജെപി നേതാക്കളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സ്മൃതി കുടീരങ്ങളുണ്ട്. ഇതിലൊന്നും ദ്രാവകം ഒഴിച്ചിട്ടുമില്ല.
പോലീസിനും ഇക്കാര്യത്തിൽ കൃത്യമായി കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുന്നില്ല. അതാണ്, അറസ്റ്റ് വൈകാനും കാരണം. ഇയാൾ തനിയെയാണോ പയ്യാന്പലത്ത് എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ചടയൻ ഗോവിന്ദൻ, ഇ.കെ. നായനാർ, ഒ. ഭരതൻ എന്നിവരുടെ സ്തൂപങ്ങളിൽ പേരുകൾ എഴുതി സ്ഥാപിച്ച ഫലകങ്ങളും കോടിയേരിയുടെ സ്മൃതി മണ്ഡപത്തിലെ ഗ്രാനൈറ്റിൽ തീർത്ത ചിത്രത്തിലുമാണ് രാസവസ്തു ഒഴിച്ചത്.
സിസിടിവി കാമറകൾ സ്ഥാപിച്ചു
പയ്യാന്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ പശ്ചാത്തലത്തിൽ സിസിടിവി കാമറ സ്ഥാപിച്ചു.സ്മൃതി കുടീരങ്ങൾ ദൃശ്യമാകുന്ന രീതിയിൽ സൺ ഷൈൻ ബാംബു കഫേയിലാണ് കാമറ സ്ഥാപിച്ചത്. പോലീസ് കൺട്രോൾ റൂമിലാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നത്.