തിരുവനന്തപുരം: തൃശൂരിൽ 22 മുതൽ 25 വരെ ചേരുന്ന സിപിഎം സംസ്ഥാന സമ്മേളനം ഒരുപാടു ചോദ്യങ്ങൾക്കും ഉത്തരത്തിനുമുള്ള വേദികൂടിയാണ്. പാർട്ടിയുടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായുള്ള വിഭാഗീയത നിറഞ്ഞ സമ്മേളനങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു സമ്മേളനത്തിനായിരുന്നു കേരളത്തിന്റെ സാംസ്കാരിക ജില്ല സാക്ഷ്യം വഹിക്കേണ്ടിയിരുന്നത്. എന്നാൽ, ഒരു അപശബ്ദവുമില്ലാതെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഎം അതിന്റെ സംസ്ഥാന സമ്മേളനത്തിനൊരുങ്ങുമ്പോൾ പാർട്ടിയും അതിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത സമ്മർദത്തിലാണ്.
മകന്റെ പേരിൽ ഉയർന്ന സാമ്പത്തിക തട്ടിപ്പ് ആരോപണവും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളും സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകുമെന്നിരിക്കെ വിമർശനങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്നതു കോടിയേരിക്കു മുന്നിൽ വലിയ ചോദ്യചിഹ്നമാണ്. മകന്റെ കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയും പാർട്ടിയും കോടിയേരിയോടു കാണിച്ച ഒൗദാര്യം പാർട്ടി സമ്മേളനത്തിൽ കൂടി ഉണ്ടായില്ലെങ്കിൽ അദ്ദേഹത്തിനു ഉറച്ച തീരുമാനംതന്നെ കൈക്കൊള്ളേണ്ടിവരും. അതു സമ്മേളനത്തിൽ ഉയരുന്ന ചർച്ചയുടെകൂടി അടിസ്ഥാനത്തിലായിരിക്കുമെന്നു മാത്രം.
ഇടതുമുന്നണിയിൽ നിന്നുകൊണ്ടു പ്രതിപക്ഷത്തെപ്പോലെ പ്രവർത്തിക്കുന്ന സിപിഐ, കെ.എം. മാണിയുടെ മുന്നണി പ്രവേശനം, സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും ഇതൊക്കെയായിരുന്നു സിപിഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകുമെന്നു പൊതുവേ പ്രതീക്ഷിച്ചിരുന്ന വിഷയങ്ങൾ.
എന്നാൽ, പാർട്ടിയെ ദോഷമായി ഗ്രസിച്ചിരുന്ന അനാരോഗ്യകരമായ പ്രവണതകൾ ഇല്ലാതാക്കാനായി കോൽക്കത്തയിൽ ചേർന്ന പാർട്ടി പ്ലീനം തീരുമാനിച്ച കാര്യങ്ങൾ കേരളത്തിൽ ലംഘിക്കപ്പെട്ടുവെന്നതു മറ്റു വിഷയങ്ങൾക്കൊപ്പം ഗൗരവമായി ചർച്ച ചെയ്യപ്പെടുമെന്നതാണ് ഈ സമ്മേളനത്തിലെ മറ്റൊരു പ്രത്യേകത. പാർട്ടി പ്രവർത്തകരോടു പ്ലീനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ നിർദേശിക്കുന്ന പാർട്ടി സെക്രട്ടറിതന്നെ അതു ലംഘിച്ചുവെന്നതു വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ജില്ലാ സമ്മേളനങ്ങൾ ഏതാണ്ടു പൂർത്തിയായതിനു ശേഷമാണു കോടിയേരിയുടെ മകനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം പുറത്തുവരുന്നത്. അവസാനമായി ചേർന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാകട്ടെ വിഷയം ഉന്നയിക്കാൻ ഒരു പ്രതിനിധി പോലും തയാറായതുമില്ല.
എന്നാൽ, കോടിയേരിക്കെതിരേ പാർട്ടിയിൽ പടയ്ക്കൊരുങ്ങി നിൽക്കുന്ന കണ്ണൂരിലെ ചില നേതാക്കൾ അദ്ദേഹത്തിനെതിരേ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതു തൃശൂരിൽ പ്രതിഫലിക്കുമെന്നു വേണം കരുതാൻ. കുടുംബവുമായി ബന്ധപ്പെട്ട വിവാദമാണെങ്കിൽകൂടി വിഷയത്തിൽ നിന്നു തനിക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്നു കോടിയേരിക്കു ബോധ്യമുണ്ട്. ഈ സാഹര്യം പാർട്ടി സെക്രട്ടറി എങ്ങനെ അഭിമുഖീകരിക്കുമെന്നതാണു കാണേണ്ടത്.
നിലവിലെ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻതന്നെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയാകും. പാർട്ടിയും സർക്കാരും തമ്മിൽ പ്രത്യക്ഷമായി ഭിന്നതകളൊന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധത്തിലുമാണു കോടിയേരി. അതുകൊണ്ടുതന്നെ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിനു കാര്യമായി വെല്ലുവിളികളൊന്നും ഉയർന്നേക്കില്ലെന്നായിരുന്നു ധാരണ. എന്നാൽ, പാർട്ടി സെക്രട്ടറിയുടെ കുടുംബവുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക ആരോപണം സിപിഎം ദേശീയ നേതൃത്വത്തേയും വെട്ടിലാക്കി.
കോടിയേരിയുടെ മകനെതിരെ ആരോപണവുമായി വന്നവർ സഹായത്തിനായി ആദ്യം സമീപിച്ചതു സിപിഎം കേന്ദ്ര നേതൃത്വത്തെയായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അവർ രേഖാമൂലം പരാതി നൽകി.
ദേശീയ തലത്തിൽ കോണ്ഗ്രസുമായുള്ള ബന്ധത്തിന്റെ പേരിൽ സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഉണ്ടായ ഭിന്നത വലിയ ചർച്ചയാകുമ്പോഴാണു കോടിയേരിയുടെ മകനെതിരെ പാർട്ടിക്കു നൽകിയ പരാതി ചോർന്നത്. പിന്നീടു യെച്ചൂരിതന്നെ പരാതിയുണ്ടെന്നു സ്ഥിരീകരിച്ചതോടെ പുറത്തുകേട്ട അഭ്യൂഹങ്ങളിൽ ശരിയുണ്ടെന്നുള്ള തോന്നലുണ്ടാക്കി.
ത്രിപുര തെരഞ്ഞെടുപ്പു പ്രചരണത്തിനു കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ള ഒരു നേതാവിനെയും സിപിഎം കേന്ദ്ര നേതൃത്വം അങ്ങോട്ടയച്ചില്ല. ബിജെപി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുരയിൽ കേരളത്തിലെ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവുമാണു മുഖ്യ പ്രചരണായുധമാക്കിയത്. ഇതുകൊണ്ടുകൂടിയാണു കേരളത്തിലെ നേതാക്കൾ ത്രിപുരയിലെ പാർട്ടിക്കും അവിടത്തെ നേതാവ് മണിക് സർക്കാരിനും അനഭിമതരായത്.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. കോണ്ഗ്രസ് ബന്ധത്തിന്റെ പേരിൽ യെച്ചൂരിക്കെതിരേ സമ്മേളനത്തിൽ ശക്തമായ വിമർശനമുയരും. എന്നാൽ കോടിയേരിക്കെതിരേ നടക്കുന്ന വിമർശനത്തിൽ സാധാരണ രീതിയിൽ മറുപടി നൽകാൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു കഴിയില്ല.
പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരി അവതരിപ്പിച്ച രേഖ തള്ളിപ്പോകുന്നതിൽ പ്രകാശ് കാരാട്ടിനൊപ്പം ശക്തമായി നിന്നതു പാർട്ടി കേരള ഘടകമായിരുന്നു. ഇതിലുള്ള അതൃപ്തി യെച്ചൂരിക്കു കേരളത്തിലെ നേതാക്കളോട് ഉണ്ടെന്നുള്ളതു സത്യവുമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ കോടിയേരിക്കെതിരേ ഉണ്ടാകുന്ന വിമർശനത്തെ സീതാറാം യെച്ചൂരി എങ്ങനെ കൈകാര്യം ചെയുമെന്നതും തൃശൂർ സമ്മേളനം ഉറ്റുനോക്കുകയാണ്.
എം. പ്രേംകുമാർ