തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്ന് അവസാനിക്കും. തെരഞ്ഞടുപ്പു അവലോകന റിപ്പോർട്ടിൽ ശബരിമല എന്ന പേരു പോലും ഉച്ചരിക്കാതെയുള്ള റിപ്പോർട്ടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ഇന്നലെ അവതരിപ്പിച്ചത്. റിപ്പോർട്ടിൽ പരാമർശം ഇല്ലാത്ത സ്ഥിതിക്ക് പരാജയത്തിന്റെ ആഘാതം അന്വേഷിക്കുന്പോൾ ശബരിമല കടന്നു വരാനുള്ള സാധ്യത വിരളമാണ്.
വിശ്വാസികൾ പാർട്ടിയേയും മുന്നണിയേയും കൈവിട്ടതാണ് പരാജയകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏത് വിശ്വാസികളെന്ന് എടുത്തുപറയുന്നുമില്ല. പരാജയത്തിന്റെ മൂലകാരണങ്ങളിൽ ശബരിമലയാണെന്ന് പറയുന്നുമില്ല. ശബരിമലയെക്കുറിച്ച് മിണ്ടിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുരുട്ടുമെന്ന് ഉറപ്പാണ്. പാർട്ടിയിലും സർക്കാരിലും കരുത്തനായ പിണറായിയുടെ അനിഷ്ടം സന്പാദിക്കാൻ ആരും തയ്യാറാകില്ലെന്ന് ഉറപ്പാണ്. അതിനാൽ ഈ വിഷയത്തിൽ വലിയ ചർച്ച ഉണ്ടാകില്ല.
ശബരിമലയെ തൊടാതെ പാർട്ടിയിൽ നിന്ന് അകന്നുപോയ വിശ്വാസികളെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തണമെന്ന അഭിപ്രായ ഐക്യത്തിൽ ചർച്ച ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഇന്നു ചേരുന്ന സംസ്ഥാന സമതിയിലും സർക്കാരിനെതിരേയോ പിണറായി വിജയനെതിരേയോ ആരും വിമർശനം ഉന്നയിക്കാനിടയില്ല. പാർട്ടിയുടെ കോട്ടകളെന്ന് കരുതപ്പെട്ടിരുന്ന കാസർഗോഡ്,പാലക്കാട്,ആലത്തൂർ,ആറ്റിങ്ങൽ മണ്ഡലങ്ങളിലെ പരാജയത്തെക്കുറിച്ച് ആന്വേഷണം ഉണ്ടായേക്കും.
പാലക്കാട്ടെ തോൽവിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ എംപിയും സ്ഥാനാർഥിയുമായിരുന്ന എംബി രാജേഷ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലിലെ തോൽവി എന്തുകാരണത്തിലാണെന്ന് ഇതുവരെ വ്യക്തമായി മനസിലാക്കാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. എല്ലാ എക്സിറ്റ് പോളുകളിലും സന്പത്ത് ജയിക്കുമെന്ന് പറഞ്ഞിട്ടും ഫലം വന്നപ്പോൾ പരാജയപ്പെട്ടതിന്റെ ഞെട്ടലിൽ തന്നെയാണ് പാർട്ടി. ആറ്റിങ്ങലിൽ ശബരിമല വിഷയം നന്നായി പ്രതിഫലിച്ചുവെന്ന വിലയരുത്തലിൽ തന്നെയാണ് പാർട്ടി എത്തി നിൽക്കുന്നത്.
2014ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിന് താഴയായിരുന്ന എൻഡിഎയുടെ വോട്ട് ഇത്തവണ രണ്ടു ലക്ഷം കടന്നിരുന്നു. ഇത് കാലാകാലങ്ങളായി എൽഡിഎഫിനൊപ്പം നിന്നിരുന്ന ഹിന്ദു വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചതു കൊണ്ടാണെന്ന വിലയിരുത്തലാണ് താഴെ കമ്മറ്റികളുടെ റിപ്പോർട്ടുകളിലുള്ളത്. അടിയുറച്ച പാർട്ടി പ്രവർത്തകർ വരെ സ്വന്തം സ്ഥാനാർഥിയ്ക്ക് വോട്ട് നൽകാതെ വലതു എൻഡിഎ സ്ഥാനാർഥികൾക്ക് നൽകിയെന്നാണ് വോട്ടിംഗ് ശതമാനം സൂചിപ്പിക്കുന്നത്.
പാർട്ടി വോട്ടുകൾ വലിയ തോതിൽ ചോരാതെ ഒരു കാരണവശാലും സന്പത്ത് പരാജയപ്പെടില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാകമ്മറ്റി സംസ്ഥാന കമ്മറ്റിയ്ക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. ശബരിമല വിഷയം പ്രതിയോഗികൾ ആയുധമാക്കിയപ്പോൾ അതു പ്രതിരോധിക്കാൻ പാർട്ടിയ്ക്കോ മുന്നണിക്കോ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കിൽ പാർട്ടി കൊട്ടകളിൽ കാലിടറില്ലായിരുന്നു.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശബരിമല പ്രചരണ വിഷയമായപ്പോൾ അതിനെ പ്രതിരോധിക്കാനോ പാർട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിക്കാനെ സൈബർ ഗ്രൂപ്പുകൾക്കടക്കം കഴിഞ്ഞില്ല. അകന്നു പോയ പാർട്ടിയുമായി ബന്ധമുള്ള വിശ്വാസികളെ മടക്കി കൊണ്ടു വന്നില്ലെങ്കിൽ വരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കാലിടറുമെന്ന് ഉറപ്പാണ്.
ആറു നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതു സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രചരണം ഉറപ്പാണ്. അതിൽ മേൽക്കൈയ് നഷ്ടപ്പെട്ടാൽ പിന്നെ തിരികെ എത്തുക എളുപ്പമാകില്ലെന്ന വാദം പാർട്ടിയ്ക്കുള്ളിൽ ഇപ്പോൾ തന്നെയുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉളളറകളിലേക്ക് പാർട്ടി പോകും. കൃത്യമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ പിടിച്ചു നിൽക്കുക പാടാണെന്ന വാദം ഇന്നലെത്തെ യോഗത്തിൽ തന്നെ ഉയർന്നിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടുപിടിക്കാൻ ചില മണ്ഡലങ്ങളിലെങ്കിലും അന്വേഷണ കമ്മീഷനെ വച്ചേയ്ക്കും. ആറ്റിങ്ങൽ,പാലക്കാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളിലെ പരാജയ കാരണം ആന്വേഷിക്കാൻ കമ്മറ്റിയെ നിയോഗിക്കുമെന്ന് തന്നെയാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം.