സ്വന്തം ലേഖകന്‍
കൊച്ചി: പാര്‍ട്ടിയിലെ വ്യക്തി പൂജവച്ചു പൊറുപ്പിക്കില്ലെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്. പ്രാദേശികമായി ചില സിപിഎം നേതാക്കള്‍ തങ്ങള്‍ക്കു ചുറ്റും അണികളെ നിരത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
അത് മുളയിലേ നുള്ളിക്കളയും. സ്തുതിപാഠകര്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് ഇത്തരം നേതാക്കള്‍ തിരിച്ചറിയണമെന്നും നേതാക്കള്‍ തന്നെ അവരെ പിന്തിരിപ്പിക്കണമെന്നും സിപിഎം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു നേതാവും പാര്‍ട്ടിക്കു മുകളിലല്ല. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഉള്‍പ്പെടെയുള്ളവരെ ഉന്നം വച്ചാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നു വ്യക്തം. പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലകളില്‍ വിഭാഗീയത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പ് ചര്‍ച്ചകളില്‍ പോലീസിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസിനു കടിഞ്ഞാണിടാന്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ തീരുമാനം ഉണ്ടായേക്കും.
കഴിഞ്ഞ കാലങ്ങളില്‍ പോലീസിന്റെ വീഴ്ച തുടര്‍ഭരണത്തിന്റെ ശോഭ കെടുത്തിയതായി ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതി ക്ഷേമ സമിതി ഗുണംചെയ്തില്ലെന്ന് വിമര്‍ശനം
പട്ടികജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്ന സാഹചര്യത്തില്‍ പികെഎസി (പട്ടികജാതി ക്ഷേമ സമിതി)ന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിലെ നിര്‍ദേശത്തിനെതിരേയും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.
ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള പോഷകസംഘടനകളില്നിന്നാണ് വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നത്. പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ഏതാനും വര്‍ഷം മുമ്പ് മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെ മുഖ്യമേല്നോട്ടത്തിലാണ് പികെഎസ് രൂപീകരിച്ചത്.
എന്നാല്‍ സംഘടന ഇന്ന് ഏറെക്കുറെ നിര്‍ജീവമാണ്. പികെസി രൂപീകരിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായതുമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ജാതിസംഘടനയാണെന്ന പ്രതീതി ജനിപ്പിക്കുകയും അത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുകയും ചെയ്തു.
കെപിഎംഎസ് പോലെയുള്ള വിവിധ സംഘടനകള്‍ ഉള്ളപ്പോള്‍ മാറിയ കാലഘട്ടത്തില്‍ പാര്‍ട്ടി ഇത്തരം സംഘടനകള്‍ക്കു പ്രസക്തിയില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ ലൈനില്‍ വൈരുധ്യം
കോണ്‍ഗ്രസ് സഹകരണത്തിന്റെ കാര്യത്തില്‍ ദേശീയ നേതൃത്വവും പാര്‍ട്ടി സംസ്ഥാനഘടകവും മുന്‍കാലങ്ങളിലെ വൈരുധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഈ സമ്മേളനത്തിലും വ്യക്തമാകുന്നത്.
കോണ്‍ഗ്രസുമായി സഹകരിച്ച് ബദലുണ്ടാക്കണമെന്ന ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന സന്ദേശമാണ് ഇന്നലെ അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പ്രതിഫലിച്ചത്.
ബിജെപിക്കെതിരേ ആഞ്ഞടിച്ച അദ്ദേഹം കോണ്‍ഗ്രസിനെതിരായി ഒരു വാക്കു പോലും പറയാതിരുന്നത് സംസ്ഥാന ഘടകത്തില്‍ അതൃപ്തിക്കു കാരണമായിട്ടുണ്ട്.
പ്രസംഗത്തിന് അനുവദിച്ച സമയം പൂര്‍ണമായും അദ്ദേഹം ഉപയോഗിച്ചില്ല എന്നതും ശ്രദ്ധേയമായി. അതേസമയം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ അവസരവും പ്രയോജനപ്പെടുത്തുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ വാക്കുകള്‍.
കോടിയേരി ബാലകൃഷ്ണനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജന്‍ഡയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ചു.
ഇന്നു പൂര്‍ണമായും പ്രവര്ത്തനറിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയും നാളെ നവകേരള നയരേഖയെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. രണ്ടു ചര്‍ച്ചകള്‍ക്കുമുള്ള മറുപടി പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നല്‍കും.
വെള്ളിയാഴ്ച രാവിലെ സംസ്ഥാനകമ്മിറ്റിയിലേക്കുള്ള ഭാരവാഹികളെയും കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളേയും തെരഞ്ഞെടുക്കും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് റെഡ് വോളണ്ടിയര്‍മാരുടെ പരേഡും പ്രകടനവും ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപനപൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.