തൃശൂർ: തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാടുംനഗരവും ചുവപ്പുകൊടിതോരണങ്ങളാൽ അലംകൃതമായിക്കഴിഞ്ഞു. നഗരവീഥികൾ ചെന്പട്ടണിഞ്ഞ് ജ്വലിക്കുകയാണ്. 22 മതൽ 25 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സ്വരാജ് റൗണ്ട് ഉൾപ്പെടെ നഗരവീഥികൾ ചുവന്ന തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കി തുണികൊണ്ടുള്ള തോരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വരാജ് റൗണ്ട് ഉൾപ്പെടെ പ്രധാനസ്ഥലങ്ങളിൽ നിന്നു സമ്മേളന നഗരിയിലേക്ക് എത്തുന്ന 42 റോഡുകൾ തോരണങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങൾ നിർവ്വഹിച്ചിരിക്കുന്നത് സിഐടിയുവിന്റെ നേതൃത്വത്തിലാണ് .
സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണ പരിപാടികൾ മുന്നേറുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി ഏരിയകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച സെമിനാറുകൾ സമാപിച്ചു. സമ്മേളന പ്രചാരാണാർത്ഥം സംഘടിപ്പിച്ചിരിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ സംഗമങ്ങൾ 19 ന് സമാപിക്കും. വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സംഗമങ്ങൾ ഒരുക്കിയിരിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി എംജി റോഡിൽ ഒരുക്കിയ സ്വാഗത സംഘം ഓഫീസ് ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് നിർമിച്ചിരിക്കുന്നത്. സ്വാഗത സംഘം ഓഫീസിലേക്കുള്ള കവാടം ചാക്ക് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായുള്ള ദീപശിഖ റാലിയാരംഭിച്ചു.
തിരുവനന്തപുരത്ത് നിന്നും കാസർകോഡിൽ നിന്നുമാണ് ദീപശിഖ റാലിയാരംഭിച്ചത്. 577 രക്തസാക്ഷി സ്മൃതി കുടീരങ്ങളിൽ നിന്നുള്ള ദീപശിഖകൾ 21 ന് വൈകീട്ട് തൃശൂരിൽ സംഗമിക്കും. പതാകജാഥ കയ്യൂരിൽ നിന്നാരംഭിച്ചു. കൊടിമര ജാഥ വയലാറിൽ നിന്ന് തിങ്കളാഴ്ച ആരംഭിക്കും. സമ്മേളനത്തിൽ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉൾപ്പെടെ 582 പ്രതിനിധികൾ പങ്കെടുക്കും.
പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് 22 ന് സമ്മേളന നഗരിയിൽ വി.എസ് അച്യുതാനന്ദൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ തേക്കിൻകാട് മൈതാനിയിൽ 21 ന് വൈകീട്ട് സ്വാഗത സംഘം ചെയർമാൻ ബേബി ജോണ് പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.