തിരുവനന്തപുരം: നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും അൻവർ പാർട്ടിക്കു നൽകിയ പരാതി ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെങ്കിലും തീരുമാനമൊന്നും കൈക്കൊണ്ടില്ല.
വിവാദങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു.
വഴിവിട്ട ഒരു സഹായവും പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ശശിക്കെതിരേയുള്ള അൻവറിന്റെ പരാതിയിൽ തത്കാലം നടപടിയൊന്നും വേണ്ടെന്ന നിലപാടിലാണ് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം എത്തിയത്.
പരസ്യവിമർശനത്തിലൂടെ സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണു ഭരണകക്ഷി എംഎൽഎയായ അൻവർ നടത്തിയതെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അറിയിക്കാമായിരുന്നു. അതിനുപകരം പ്രതിപക്ഷത്തിന് ഇതുവഴി ആയുധം കൊടുക്കുകയായിരുന്നു.
മാധ്യമങ്ങളും പ്രതിപക്ഷവും വിഷയം സർക്കാരിനെതിരേ ഉപയോഗിച്ചശേഷമാണ് അൻവർ തന്നെ പരാതിയുമായി വന്നു കണ്ടതെന്നും യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, പരാതിയിൽ ഗൗരവതരമായ കാര്യങ്ങൾ ഉണ്ടെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും ഗോവിന്ദൻ നിലപാടെടുത്തു. എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തേണ്ട സാഹചര്യമില്ല. ഇക്കാര്യത്തിൽ വിമർശനമുണ്ടാകുമെന്നു കണ്ടുകൊണ്ടാണ് ഡിജിപിയെത്തന്നെ അന്വേഷണച്ചുമതല ഏൽപ്പിച്ചതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.
പി. ശശിക്കെതിരേ കൃത്യതയോടുകൂടെ ഒരു ആക്ഷേപവും അൻവറിന്റെ പരാതിയിൽ ഇല്ല. അങ്ങനെയൊരു സാഹചര്യത്തിൽ ശശിക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പി. ശശിക്കെതിരേയുള്ള പരാതി തത്കാലം ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.
അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥവീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടതു ഭരണതലത്തിലാണെന്നും യോഗത്തിനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അൻവർ എഴുതിത്തന്നിട്ടുള്ള പരാതിയിൽ ശശിയെക്കുറിച്ച് ഒന്നുമില്ല. അതുകൊണ്ട് ശശിക്കെതിരേ എന്തെങ്കിലും നടപടിയിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ല.
ശശിയെക്കുറിച്ച് പരാതി പറഞ്ഞാൽ അതും പരിശോധിക്കും. ഡിജിപി നേതൃത്വം നൽകുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോർട്ട് വന്നാൽ തുടർ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. അഴിമതി കൈകാര്യം ചെയ്യാൻ കെ.ടി. ജലീലിന്റെ സ്റ്റാർട്ടപ് വേണ്ടെന്നും സർക്കാരിനു തന്നെ നല്ല സംവിധാനങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരം സംബന്ധിച്ചു പറയുന്നത് തികച്ചും അവാസ്തവ കാര്യങ്ങളാണ്. ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി സിപിഎമ്മിനു ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഎം ധാരണയുണ്ടാക്കി എന്നതു കള്ളക്കഥയാണ്. തൃശൂരിൽ ബിജെപി ജയിച്ചത് കോണ്ഗ്രസ് വോട്ടിലാണെന്നും ഗോവിന്ദൻ പറഞ്ഞു.