സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന്റെ കാരണങ്ങള്‍ തേടിയുള്ള സിപിഎം സ്ക്വാഡ് പ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. എല്ലാ ഞായറാഴ്ചയും സിപിഎം നേതൃത്വത്തില്‍ പത്തംഗ സ്ക്വാഡുകളാണ് വീടുകള്‍ കയറിയിറങ്ങുന്നത്. ശബരിമലവിഷയത്തിലെ “തെറ്റിദ്ധാരണ’മാറ്റാനായാണ് സ്ക്വാഡ് പ്രവര്‍ത്തനം. നിഷ്പക്ഷരും കാലങ്ങളായി പാര്‍ട്ടിക്ക് വോട്ടുചെയ്തുവന്നവരെയും അവരുടെ കുടുംബത്തെയും നേരിട്ടുകാണാനാണ് നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങുന്നത്.
അടുത്തുവരുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും ഇനി ശബരിമല വിഷയമാകരുതെന്ന ഉറച്ച നിര്‍ദേശമാണ് പാര്‍ട്ടി നേതാക്കള്‍ സ്ക്വാഡ് അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. വീടുകളില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഉണ്ടെന്ന് ഉറപ്പാക്കി അവധി ദിവസങ്ങളില്‍ വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനം നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ നീക്കാന്‍ എന്നാണ് ഔദ്യോഗിക ഭാഷ്യം.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ സംഘപരിവാര്‍ വീടുകള്‍ കയറി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇത് ഒരു പരിധിവരെ സര്‍ക്കാരിനെതിരേ ജനവികാരം ഉയരാന്‍ കാരണമാകുകയും ചെയ്തു. എന്നാല്‍ അന്നൊന്നും പ്രതിരോധ പ്രവര്ത്തനത്തിനിറങ്ങാത്ത സിപിഎം അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് വീടുകള്‍ കയറിയുള്ള സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത്.
ആര്‍എസ്എസ് പ്രചാരണം വലിയ തോതില്‍ വിശ്വാസികളെ സ്വാധീനിച്ചതായി സ്ക്വാഡ് അംഗങ്ങള്‍ തന്നെ പറയുന്നു. പലയിടത്തും പാര്‍ട്ടി കുടുംബങ്ങള്‍ പോലും ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പ്രതികരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ തുടര്‍ പ്രസ്താവനകളും ഒരിക്കലും വിശ്വാസികളെന്ന് കരുതാന്‍ വയ്യാത്തവരെ സന്നിധാനത്തെത്തിച്ചതും വലിയ തെറ്റായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇനി സ്വീകരിക്കുന്ന നിലപാടുകള്‍ വിശ്വാസി സമൂഹത്തെ വിലയ്ക്കെടുത്തുകൊണ്ടാവണമെന്ന അഭിപ്രായമാണ് പലരും ഉന്നയിക്കുന്നതെന്ന് നേതാക്കള്‍ തന്നെ പറയുന്നു.
ശബരിമല കാരണം വോട്ടുമാറി ചെയ്തെന്ന് വീട്ടമ്മമാര്‍ പോലും തുറന്നുപറഞ്ഞ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്കടുക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ ശബരിമല ഫലപ്രദമായി ഉപയോഗിച്ച ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ മൗനത്തിലാണ്. കോണ്‍ഗ്രസിന് ശബരിമല വലിയ ഗുണം ചെയ്തപ്പോള്‍ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയ നിരാശയാണ് ബിജെപിക്ക്. അതിനാല്‍ തന്നെ ഇനി അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കാനാണ് തീരുമാനം. അതിനൊപ്പം അടുത്തുവരുന്ന സംഘടനാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് നേതാക്കള്‍.