തിരുവല്ല: പീഡനക്കേസില്‍ പ്രതിയായ മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ തിരികെയെടുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടി സിപിഎം സംസ്ഥാന കമ്മിറ്റി ഇടപെട്ട് തിരുത്തി. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും കോട്ടാലി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ സി.സി. സജിമോനെ സിപിഎമ്മില്‍ തിരികെയെടുത്തതിനു പിന്നാലെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടിയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് തിരുത്തിച്ചത്.
വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സജിമോനെ 2018ല്‍ സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പുറത്താക്കി. ഇതിനിടെ ഈ കേസുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധന വേളയില്‍ സാമ്പിള്‍ മാറ്റിയെന്ന ആരോപണവുമുണ്ടായി. പിന്നാലെ സിപിഎം വനിതാ നേതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസുമുണ്ടായി.
ഇത്തരം കേസുകള്‍ നിലനില്‍ക്കേ ഒരേ സംഭവത്തില്‍ രണ്ട് ശിക്ഷ വേണ്ടെന്ന പേരില്‍ സജിമോനെ തിരിച്ചെടുക്കാന്‍ സിപിഎം കണ്ട്രോള് കമ്മീഷന് നിര്‍ദേശിച്ചു.ജില്ലാ കമ്മിറ്റി നിലപാടും അനുകൂലമായതോടെ ഇയാളെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. എന്നാല്‍ ഇതിനെ പാര്‍ട്ടി അംഗങ്ങള്‍ ചോദ്യം ചെയ്യുകയും ലോക്കല്‍ കമ്മിറ്റിയില്‍ ഭൂരിഭാഗവും ബഹിഷ്കരണം ഉള്‍പ്പെടെ നടത്തുകയും ചെയ്തു.
സജിമോനെതിരേ തിരുവല്ലയില്‍ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ലോക്കല്‍ കമ്മിറ്റിയില്‍ സജിമോനെ പങ്കെടുക്കുന്നതിനെ മറ്റംഗങ്ങളില്‍ ഭൂരിപക്ഷവും എതിര്‍ക്കുകയും സംസ്ഥാന കമ്മിറ്റിക്കു പരാതി നല്‍കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സജിമോനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം എത്തിയത്.
തെറ്റു തിരുത്തി വരുന്നവരെ സ്വീകരിക്കാം: ഗോവിന്ദന്
കോന്നി: തെറ്റു തിരുത്തി വരുന്നവരെ പാര്‍ട്ടിക്കു മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സിപിഎമ്മിലേക്ക് പല പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്.
ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്നതുവരെ ഒട്ടേറെ നടപടികളുണ്ട്. ആര്‍എസ്എസിന്റെ തനിസ്വരൂപങ്ങളായവരും പാര്‍ട്ടിയിലേക്ക് വരുന്നുണ്ട്. ഇവരെ സംസ്കരിച്ച് കമ്യൂണിസ്റ്റായി മാറ്റാന്‍ സമയമെടുക്കുമെന്നും കോന്നിയില്‍ കെഎസ്കെടിയു സമ്മേളനത്തില്‍ ഗോവിന്ദന് പറഞ്ഞു.