കണ്ണൂർ: തോൽവി പഠിക്കാൻ സിപിഎം പാർട്ടി പ്രവർത്തകരുടെ വീടുകളിലേക്ക്. കണ്ണൂരിലെ സിപിഎമ്മിന്റെ പാര്‍ട്ടി കോട്ടകളില്‍ യുഡിഎഫ് നടത്തിയ തേരോട്ടത്തിനൊപ്പം ബിജെപിക്കും മുന്നേറ്റമുണ്ടായത് സിപിഎമ്മിനെ ഞെട്ടിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം കീഴ്ഘടകങ്ങളില്‍ നടക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ കണ്വന്ഷനുകൾക്കുശേഷമായിരിക്കും പാർട്ടി കുടുംബങ്ങളിലേക്ക് നേതാക്കൾ എത്തുക.
2019തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്രങ്ങളിലടക്കം സമാനമായ വോട്ടുചോർച്ചയുണ്ടായിരുന്നു. അന്നും തോൽവി പരിശോധിക്കാൻ പാർട്ടി അംഗങ്ങളുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ മാറ്റം വേണമെന്നായിരുന്നു കിട്ടിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല.
കണ്ണൂരിലെ ഇടതു കേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ടുവർധിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജൻ മാധ്യമങ്ങൾക്ക് ഇന്ന് രാവിലെ നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിപിഎമ്മിലെ വോട്ട് ബിജെപിയിലേക്കു പോയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കും.
ബിജെപി വിജയിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ചില കേന്ദ്രങ്ങളിൽ ബിജെപിയുടെ വോട്ട് വർധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. എന്തെല്ലാം ഘടകങ്ങളാണ് ഇതിനിടയാക്കിയതെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വിലയിരുത്താൻ കഴിയൂവെന്നും ജയരാജൻ പറഞ്ഞു.
തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങൾ പഠിച്ചും ജനങ്ങളെ കൂടുതൽ അണിനിരത്താനും ജനങ്ങളുടെ ഇടയിൽ പാർട്ടിയെക്കുറിച്ചോ മുന്നണിയെക്കുറിച്ചോ സർക്കാരിനെക്കുറിച്ചോ ഉണ്ടായ ധാരണകൾ എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതു പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുമെന്നും ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നാടായ പിണറായില്‍ അടക്കം ബിജെപി വോട്ടു വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം ഇരട്ടി വോട്ടുകളാണ് ബിജെപി നേടിയത്. ധര്‍മടത്ത് ബിജെപി നടത്തിയ കുതിപ്പാണ് സിപിഎമ്മിന് ഏറ്റവും തലവേദനയുണ്ടാക്കുന്ന മറ്റൊരു കാര്യം. ധര്‍മടത്ത് 2016ല്‍ 8538 വോട്ടുകളാണ് ബിജെപിക്കുണ്ടായിരുന്നത്.
എന്നാല്‍ ഇത്തവണ അതു 16,711 വോട്ടുകളാക്കി ഉയര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ ബിജെപിക്ക് 8659 വോട്ടാണ് കിട്ടിയിരുന്നത്. ഇത്തവണ 16,706 വോട്ടായി. മട്ടന്നൂരില്‍ കഴിഞ്ഞ തവണ 11,612 വോട്ടുണ്ടായിരുന്ന ബിജെപി ഇക്കുറിയത് 19,159-വോട്ടായി ഉയർത്തി. അഴീക്കോട് മണ്ഡലത്തിലും ബിജെപി വോട്ടു വര്‍ധിപ്പിച്ചിട്ടുണ്ട്.