പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സർവേ എന്ന പേരിൽ സിപിഎം പ്രവർത്തകർ വീടുകൾ കയറി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണ്. തദേശസ്വയം ഭരണ സ്ഥാപനത്തിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിപ്പിച്ചാണു സർവേ നടത്തുന്നത്.
ഇത്തരം വിവരശേഖരണം പ്രതിഷേധാർഹമാണെന്നും സർക്കാർ ഉദ്യോഗസ്ഥർ നടത്തേണ്ട സർവേ പാർട്ടി നടത്തുന്നതിൽ ചില ഗൂഢലക്ഷ്യങ്ങൾ ഉള്ളതായും മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും ജനറൽ സെക്രട്ടറി വി. നാസറും പറഞ്ഞു.
പാർട്ടി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ വീടുകളിൽ കയറി സർവേ നടത്തുന്നവർ വീട്ടുകാരുടെ മൊബൈൽ നമ്പർ, വിദേശത്തുള്ളവർ, ക്ഷേമ പെൻഷൻ വാങ്ങുന്നവർ, മെരിറ്റൽ സ്റ്റാറ്റസ്, വോട്ട് ചേർക്കൽ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതായും നേതാക്കൾ ആരോപിച്ചു. അനധികൃതമായി സിപിഎം നടത്തുന്ന ഈ സർവേക്കെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണ് മണ്ഡലം ലീഗ് കമ്മിറ്റി.