തളിപ്പറമ്പ്: കീഴാറ്റൂരിൽ ഇന്നും സ്കൂള്‍ ബസ് തടഞ്ഞുവെച്ചു. മൗലികാവകാശ നിഷേധത്തിനെതിരെ കീഴാറ്റൂരില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍ രംഗത്തിറങ്ങുന്നു. കീഴാറ്റൂര്‍ പ്രദേശത്തു നിന്നും വിദ്യാര്‍ഥികള്‍ മറ്റ് സ്കൂളുകളിലേക്ക് പഠിക്കാന്‍ പോകുന്നതില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ ഗവ.എല്‍പി സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പുളിമ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്കൂള്‍ ബസാണ് ഇന്ന് രാവിലെ ഒന്‍പതോടെ തടഞ്ഞുവെച്ചത്.
കീഴാറ്റൂര്‍ പ്രദേശത്തുള്ള കുട്ടികള്‍ കീഴാറ്റൂര്‍ ഗവ.എല്‍പി സ്കൂളില്‍ തന്നെ പഠിക്കണമെന്നും മറ്റ് സ്കൂളുകളില്‍ ചേര്‍ത്ത കുട്ടികളെ കയറ്റാന്‍ വരുന്ന സ്കൂള്‍ വാഹനങ്ങള്‍ തടയാനുമാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം. തോട്ടാറമ്പ് റോഡില്‍ വെച്ചാണ് കുട്ടികളെ കയറ്റാന്‍ പോകുന്ന വാഹനം തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് വാഹനം പോകാന്‍ സൗകര്യമൊരുക്കിയത്.
നാളെമുതല്‍ ശക്തമായ രീതിയില്‍ വാഹനങ്ങള്‍ തടയുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം കുട്ടികള്‍ എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളായ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയത്.
കീഴാറ്റൂരിലേക്ക് കുട്ടികളെ കയറ്റാന്‍ ഇനി വന്നുപോകരുതെന്നാണ് വാഹനം തടഞ്ഞുവെച്ചവര്‍ സ്കൂള്‍ ബസ് ഓടിക്കുന്നവരോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ മുന്‍കൈയെടുത്ത് നവീകരിച്ച കീഴാറ്റൂര്‍ എല്‍പി സ്കൂളില്‍ കുട്ടികളെ ചേര്‍ത്തില്ലെങ്കില്‍ ഇവിടെയെത്തുന്ന സ്കൂള്‍ വാഹനങ്ങള്‍ തടയുമെന്നാണ് സിപിഎം നിലപാട്.
മികച്ച ഭൗതിക സാഹചര്യങ്ങളോടെ പുതുക്കിപ്പണിത സ്കൂളില്‍ ഈവര്‍ഷം ഒന്നാം ക്ലാസില്‍ മൂന്ന് കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. എന്നാല്‍ ഈ ഭാഗത്തുനിന്നും 17 കുട്ടികളാണ് തൃച്ചംബരം യുപി, സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കൊട്ടാരം യുപി സ്കൂള്‍, അക്കിപ്പറമ്പ് യുപി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നത്.
സ്വന്തം നാട്ടിലെ മികച്ച സൗകര്യങ്ങളുള്ള സ്കൂളില്‍ ചേരാതെ മറ്റിടങ്ങളിലേക്ക് കുട്ടികള്‍ പോകുന്നതിനെ പ്രതിരോധിക്കാനാണ് സ്കൂള്‍ ബസ് തടയുന്നത്. രക്ഷിതാക്കള്‍ക്ക് സ്വന്തം വാഹനത്തില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതില്‍ വിരോധമില്ലെന്നാണ് സംരക്ഷണസമിതി പറയുന്നത്. കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകരാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുന്നത്.