പത്തനാപുരം:ബ്ലോക്ക് പഞ്ചായത്തിന്റെ തലപ്പത്തേക്ക് ആരെന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളില്‍ തര്‍ക്കം മുറുകുന്നു.കഴിഞ്ഞ നാല് വര്‍ഷം പ്രസിഡന്റായിരുന്ന എസ് സജീഷിന്റെ രാജിക്ക് പിന്നാലെയാണ് സിപിഎമ്മിന് പുതിയ തലവേദന.ആറ് മാസം മുന്‍പേ സജീഷിന്റെ രാജി ആവശ്യപ്പെട്ട പാര്‍ട്ടിക്ക് ഇതുവരെയും പുതിയ പ്രസിഡന്റ് ആരെന്ന തീരുമാനത്തിലെത്താനായിട്ടില്ല.
മൂന്ന് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെങ്കിലും പ്രദേശികമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ വലയ്ക്കുകയാണ്.പട്ടാഴി വടക്കേക്കര ഡിവിഷനെ പ്രതിനിധീകരിക്കുന്ന കെ ബി സജീവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ചപ്പോള്‍ തന്നെ സജീവിനെ പരിഗണിച്ചെങ്കിലും ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റായിരുന്ന സജീഷിന് നറുക്ക് വീഴുകയായിരുന്നു.അതുകൊണ്ട് ഇത്തവണ സജീവിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ് .
കുന്നിക്കോട് ഡിവിഷനംഗം എം എസ് സുധയെ പരിഗണിക്കണമെന്ന് കുന്നിക്കോട് ഏരിയ കമ്മിറ്റി സമ്മര്‍ദം ചെലുത്തുന്നുണ്ട്.മുതിര്‍ന്ന നേതാക്കളെന്ന പരിഗണന ഇരുവര്‍ക്കുമുണ്ട്.എന്നാല്‍ മാങ്കോട് ഡിവിഷനംഗം എ ബി അന്‍സാറിനെ പ്രസിഡന്റാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.യുവപ്രാതിനിധ്യവും സാമുദായിക പരിഗണനയുമാണ് അന്‍സാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്.പ്രാദേശിക നേതൃത്വങ്ങളെ വിശ്വാസത്തിലെടുത്ത് പുതിയ പ്രസിഡന്റ് പദവിയിലെ തീരുമാനം വരും ദിവസങ്ങളില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.