തിരുവല്ല: ലോക്കല്‍ സെക്രട്ടറിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ഗുണ്ടാനേതാവിന്റെ വിവാഹ ആലോചനയ്ക്ക് ഇടനില നിന്നുവെന്ന പരാതിയില്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരേ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
തിരുവല്ല ഏരിയാ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബുവിനെതിരേയാണു പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിന് നെടുമ്പ്രം ലോക്കല്‍ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരില്‍ പ്രകാശ് ബാബു ആള്‍മാറാട്ടം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ എട്ടിന് അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നു.
ഇതിനിടെ തിരുവല്ല സ്വദേശിയായ ഒരു ബന്ധു മുഖേന യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്മാറി. ഇതേത്തുടര്‍ന്ന് പ്രകാശ് ബാബു, വിനയചന്ദ്രന് എന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവിനെ സംബന്ധിച്ചു നിങ്ങള്‍ക്കു ലഭിച്ച വിവരം തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞു തെറ്റിധരിപ്പിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു.
തന്റെ പേരില്‍ മറ്റാരോ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ വിനയചന്ദ്രന് ഏരിയ കമ്മിറ്റിക്ക് പരാതി നല്കി. തുടര്‍ന്ന് ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണി വിനയചന്ദ്രനെയും കൂട്ടി നേരിട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം പുറത്തായത്.
തുടര്‍ന്നാണ് പ്രകാശ് ബാബുവിനെതിരേ സിപിഎം ഏരിയ കമ്മിറ്റി ഏകാംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കിഴക്കുംമുറി സ്വദേശിയില്‍ നിന്നു പണം തട്ടിയെന്ന പരാതിയില്‍ നിലവില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്നയാളാണ് പ്രകാശ് ബാബു.