കോവിഡ് നിയന്ത്രണങ്ങള് കാറ്റില് പറത്തി നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം
വൈറസിന്റെ സൂപ്പര് സ്പ്രെഡര് ആയി മാറി.
സമ്മേളനത്തില് പങ്കെടുത്ത നൂറോളം പേര് കോവിഡ് പോസിറ്റിവ് ആയതായി ഒരു ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്തു.
നിരവധി പേര്ക്ക് ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില് കുത്തനെ ഉയരാന് സാധ്യതയെന്ന് റിപ്പോര്ട്ടില് പറയുന്നു.
മന്ത്രി വി ശിവന്കുട്ടി, എംഎല്എമാരായ ഐബി സതീഷ്, കടകംപള്ളി സുരേന്ദ്രന്, ജി സ്റ്റീഫന് എന്നിവര് കഴിഞ്ഞ ദിവസം പോസിറ്റിവ് ആയി.
ഒരു മുന് മന്ത്രിയും ഒരു ഏരിയാ സെക്രട്ടറിയും ഏതാനും ലോക്കല് സെക്രട്ടറിമാരും കോവിഡ് പോസിറ്റിവ് ആയതായി സൂചനകളുണ്ടെന്ന് റിപ്പോര്ട്ടില് പറയുന്നു.
സമ്മേളന വേദിയില് ഉണ്ടായിരുന്ന റെഡ് വോളണ്ടിയര്മാരും എസ്എഫ്ഐ പ്രവര്ത്തകരുമാണ് രോഗബാധിതര് ആയവരില് നല്ലൊരു പങ്കും.
തലസ്ഥാന ജില്ലയില് രോഗത്തിന്റെ തീവ്രവ്യാപനത്തിനു കാരണമായ 35 ക്ലസ്റ്ററുകളില് ഒന്നാണ് പാറശ്ശാലയില് നടന്ന ജില്ലാ സമ്മേളനം.
സ്കൂളുകള്, കോളജുകള്, ഓഫിസുകള്, പൊലീസ് സ്റ്റേഷനുകള് എന്നിവയാണ് പ്രധാനമായും മറ്റു ക്ലസ്റ്ററുകള്.
സിപിഎം സമ്മേളനത്തോട് അനുബന്ധിച്ച്, കോവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് മെഗാ തിരുവാതിര നടത്തിയത് വിവാദമായിരുന്നു. അഞ്ഞൂറിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചു തിരുവാതിര നടത്തിയ സംഘാടകര്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ സമ്മേളനം കോവിഡ് ക്ലസ്റ്റര് ആയി മാറിയതു വകവയ്ക്കാതെ മറ്റു ജില്ലകളിലെ സമ്മേളനവുമായി മുന്നോട്ടുപോവാനാണ് സിപിഎം തീരുമാനം. തൃശൂര്, കാസര്ക്കോട്, ആലപ്പുഴ ജില്ലാ സമ്മേളനങ്ങളാണ് ഇനി നടക്കാനുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് പൊതുപരിപാടികള് മാറ്റിവയ്ക്കുകയാണെന്ന് കോണ്ഗ്രസും സിപിഐയും ബിജെപിയും അറിയിച്ചിട്ടുണ്ട്. എന്നാല് സിപിഎം ഇക്കാര്യത്തില് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.