അമ്പലപ്പുഴ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടർന്നു സിപിഎം ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കേ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വിനോദയാത്രയ്ക്കു പോയി.
ഇതോടെ വിനോദയാത്ര വിവാദമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിന്റെ നേതൃത്വത്തിലാണ് സിപിഎം, കോൺഗ്രസ്, എസ്ഡിപിഐ പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി, മറ്റ് ജീവനക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 40ഓളം പേർ വാഗമണിൽ വിനോദയാത്രയ്ക്കു പോയത്.
കോടിയേരിയുടെ മരണത്തെത്തുടർന്നു സംസ്ഥാനത്തു സിപിഎം ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു പരിപാടികളെല്ലാം മാറ്റിവച്ചിരുന്നു.
ഇതറിഞ്ഞതിനു ശേഷം കോടിയേരിയുടെ സംസ്കാരം നടന്നതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെതന്നെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിനോദയാത്ര പോയതാണ് അണികൾക്കിടയിൽ ചർച്ചയായിരിക്കുന്നത്.
തൊട്ടടുത്ത ഡിവിഷനിലെ വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ഒപ്പം കൂടി.വിനോദയാത്ര നടക്കുന്നതു പാർട്ടി അറിഞ്ഞില്ലെന്നും പറയുന്നു. സിപിഎം ദുഃഖാചരണം പ്രഖ്യാപിച്ച സ്ഥിതിക്കു മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാമായിരുന്നു എന്നാണ് ചില പാർട്ടി നേതാക്കൾ പറയുന്നത്.
വിനോദയാത്രയ്ക്കു പോയ ചിലർ സമൂഹമാധ്യമങ്ങളിൽ യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് ചർച്ചയായത്.