വര്‍ഗീയതയെ ചെറുക്കാന്‍ ‘ഹിന്ദുത്വം’ പഠിക്കാനൊരുങ്ങി സിപിഎം. എന്താണ് ഹിന്ദുത്വമെന്നും ആര്.എസ്.എസ് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്നും പഠിക്കാനും അത് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാനുമാണ് തീരുമാനം.
വര്‍ഗീയതയെ ചെറുക്കാന്‍ അതെക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് സിപിഎം കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് തത്വങ്ങളെപ്പറ്റി കാര്യമായി പഠിപ്പിക്കാന്‍ തന്നെയാണ് തീരുമാനം.
ആര്‍എസ്എസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തുമെന്ന് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആര്‍എസ്എസ്, ഹിന്ദുത്വം എന്നിവ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനായി രൂപരേഖ തയാറാക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വത്തിനാണ്.
ആര്‍എസ്എസ് എന്താണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവത്കരിച്ച് മാത്രമേ വര്‍ഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന് മനസിലാക്കിയാണ് പാര്‍ട്ടി സിലബസ് പരിഷ്കരണത്തിനൊരുങ്ങുന്നത്.
പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം സ്കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവന് പ്രവര്‍ത്തിക്കും.
പാര്‍ട്ടിയില്‍ യുവ അംഗങ്ങള്‍ കൂടുന്നുണ്ടെങ്കിലും സംഘടനാ വിദ്യാഭ്യാസമില്ല. അത് കൂടി മുന്നില്‍ കണ്ടാണ് അംഗങ്ങളില്‍ രാഷ്ട്രീയ-സംഘടനാ ബോധം വളര്‍ത്തുന്നതിനായി പാര്‍ട്ടി ക്ലാസുകള്‍ മെച്ചപ്പെടുത്തുന്നത്.
കൂടാതെ എല്ലാ രാഷ്ട്രീയ സംഭവങ്ങളിലും പാര്‍ട്ടി കേന്ദ്രം നയപരമായ വിശദീകരണം നല്‍കും.
ഹിന്ദി മേഖലകളില്‍ പാര്‍ട്ടി വളര്‍ത്തുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെക്കാനും തീരുമാനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ രാഷ്ട്രീയസംഭവങ്ങളിലും നയപരമായ വിശദീകരണം പാര്‍ട്ടികേന്ദ്രം നല്‍കും. ഹിന്ദിമേഖലയില്‍ പാര്‍ട്ടി കേഡര്‍മാരുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ളതാണ് മറ്റൊരു തീരുമാനം.
ഇതിനായി ഹിന്ദി ഭാഷാപ്രദേശങ്ങളില്‍ സ്കൂള്‍ നടത്താനും തീരുമാനിച്ചു. ഇവിടെ പരിശീലനം നേടുന്നവര്‍ കേഡര്‍മാരിലേക്ക് രാഷ്ട്രീയവിദ്യാഭ്യാസം പകരാനുള്ള ചുമതലക്കാരാകും.
അതേസമയം നല്ല പാര്‍ട്ടി പ്രവര്‍ത്തക അംഗത്തിന് അഞ്ച് യോഗ്യതകള്‍ പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്.
പാര്‍ട്ടി അംഗത്വ ഫീസും ലെവിയും കൃത്യമായി നല്കല്, ബ്രാഞ്ച് യോഗത്തില്‍ സ്ഥിരമായി പങ്കെടുക്കല്‍, പാര്‍ട്ടിക്ലാസുകള്‍, രാഷ്ട്രീയപ്രചാരണം, സമരങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ തൃപ്തികരമായ പങ്കാളിത്തം തുടങ്ങിയവയാണ് പുതിയ നിര്‍ദേശങ്ങള്‍.
ബഹുജന മുന്നണിയില്‍ അംഗമാകുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുക, പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ നിരന്തരം വായിക്കലും അവയുടെ വരിസംഖ്യ അടയ്ക്കലും അടക്കമുള്ള കാര്യങ്ങളാണ് നല്ല പാര്‍ട്ടി അംഗത്തിന്റെ യോഗ്യതയായി പാര്‍ട്ടി വിലയിരുത്തുന്നത്.
എന്തായാലും ആര്‍എസ്എസിനെ പഠിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരായി മാറുമോയെന്നാണ് ഇനി കാണേണ്ടത്.