ജിബിൻ കുര്യൻ
കോട്ടയം: സിപിഎമ്മിനും ഇടതു മുന്നണിക്കും ഇനി മന്ത്രിമാരെയാണ് വേണ്ടത്. അതിനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. നാളെ തുടങ്ങുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തൊട്ടു പിന്നാലെ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗവും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കും.
അതിനു ശേഷം ചേരുന്ന ഇടതു മുന്നണി യോഗത്തിൽ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. ഒരു സീറ്റ് കിട്ടിയ കേരള കോണ്ഗ്രസ് ബി, ജനാധിപത്യ കേരള കോണ്ഗ്രസ്, കോണ്ഗ്രസ് എസ്, ഐഎൻഎൽ എന്നിവർക്കു മന്ത്രി സ്ഥാനം കിട്ടാൻ സാധ്യതയില്ല. എന്നാൽ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്നു സൂചനയുണ്ട്.
സിപിഐയ്ക്കു കുറയും
കഴിഞ്ഞ തവണ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രി സ്ഥാനം കിട്ടാൻ സാധ്യ തീർത്തും കുറവാണ്. സിപിഐയ്ക്ക് നാലു മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ലഭിച്ചിരുന്നത്. അത് ഇത്തവണയുമുണ്ടാകും. ചെലപ്പോൾ ഒരു മന്ത്രി സ്ഥാനം കുറയാനും സാധ്യതയുണ്ട്.
കേരള കോണ്ഗ്രസ് എം, എൻസിപി, ജനതാദൾ സെക്കുലർ എന്നിവർക്ക് ഒരോ മന്ത്രി സ്ഥാനം വീതം ലഭിക്കും. സിപിഎമ്മിലെ കഴിഞ്ഞ മന്ത്രി സഭയിലെ എ.സി. മൊയ്തീൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ വീണ്ടും മന്ത്രിമാരാകും എന്നത് ഉറപ്പാണ്.
സ്പീക്കർ വനിത?
തിരുവനന്തപുരം ജില്ലയിൽ നിന്നും കടകംപള്ളി സുരേന്ദ്രനു പുറമേ വി. വിശിവൻകുട്ടി, വി.കെ. പ്രശാന്ത് എന്നിവർ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നു. കൊല്ലം ജില്ലയിൽ നിന്നും കെ.എൻ. ബാലഗോപാലിനെയും പത്തനംതിട്ട ജില്ലയിൽനിന്നു വീണ ജോർജിനെയും മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
ഇത്തവണ ചരിത്രം സൃഷ്ടിച്ചു സ്പീക്കർ സ്ഥാനം വനിതയ്ക്കു നൽകാനും ചർച്ച നടക്കുന്നുണ്ട്. അങ്ങനെ വന്നാൽ മുൻ മാധ്യമപ്രവർത്തകയും പിണറായി സക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്ന പരിപാടികളുടെ അവതാരകയുമായ വീണ ജോർജ് സ്പീക്കർ സ്ഥാനത്തേക്കെത്തും.
സജി, ചിത്തരഞ്ജൻ
ആലുപ്പുഴ ജില്ലയിൽ നിന്ന് സജി ചെറിയാൻ, പി. ചിത്തിരഞ്ജൻ എന്നിവരുടെ പേരുകളാണ് മന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളത്. കഴിഞ്ഞ തവണ ആലപ്പുഴയിൽ നിന്നു തോമസ് ഐസക്കും ജി. സുധാകരനുമായിരുന്നു മന്ത്രിമാർ. കോട്ടയത്തു നിന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ വി.എൻ. വാസവനെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കും.
മണിയാശാൻ വീണ്ടും
ഇടുക്കിയിൽ നിന്ന് എം.എം. മണി വീണ്ടും മന്ത്രിയാകാനാണ് സാധ്യത. എറണാകുളം ജില്ലയിലെ കളമശേരിയിൽ നിന്നും വിജയിച്ച പി.രാജീവ് പ്രമുഖ വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രി സ്ഥാനത്തേക്കെത്തും. എറണാകുളം ജില്ലയിൽ നിന്നും മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട വ്യക്തിയായിരുന്ന എം. സ്വരാജ് ഇത്തവണ പരാജയപ്പെട്ടിരുന്നു.
എ.സി. മൊയ്തീൻ വീണ്ടും
തൃശൂർ ജില്ലയിൽ നിന്നു കഴിഞ്ഞ തവണ രണ്ടു മന്ത്രിമാരുണ്ടായിരുന്നു. എ.സി. മൊയ്തീനും സി. രവീന്ദ്രനാഥും. ഇത്തവണയും എ.സി. മൊയ്തീൻ മന്ത്രി സ്ഥാനത്തേക്കെത്തും. കേന്ദ്ര കമ്മിറ്റിയംഗമായ കെ. രാധാകൃഷ്ണനെയാണ് പ്രമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നതിനായി മന്ത്രി സ്ഥാനത്തേക്കു സിപിഎം പരിഗണിക്കുന്ന മറ്റൊരാൾ.
പാലക്കാട്ടു നിന്ന് എം.ബി. രാജേഷ് മന്ത്രി സ്ഥാനത്തേക്കെത്താൻ സാധ്യതയുണ്ട്. മലപ്പുറത്തു നിന്നു പി.രാജകൃഷ്ണൻ സ്പീക്കറും കെ.ടി. ജലീൽ മന്ത്രിയുമായിരുന്നു. ആരോപണ വിധേയനായ കെ.ടി. ജലീലിനെ ഇത്തവണ മന്ത്രിയാക്കുമോ എന്നതിൽ സംശയുണ്ട്.
ലോകായുക്ത വിധിയുടെ നിമയ സാധ്യത പരിഗണിച്ചാകും കെ.ടി. ജലീലിനെ മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. കെ.ടി. ജലീൽ മന്ത്രിയായില്ലെങ്കിൽ സ്പീക്കൽ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന വ്യക്തികൂടിയാണ്. പൊന്നാനിയിൽ നിന്നു മത്സരിച്ചു വിജയിച്ച പി.നന്ദകുമാറിനും മന്ത്രിസഭയിലിടം നേടാൻ സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയിൽനിന്നും കഴിഞ്ഞ തവണ മന്ത്രിയായത് ടി.പി. രാമകൃഷ്ണനാണ്. ഇത്തവണയും രാമകൃഷ്ണൻ മന്ത്രിസഭയിലംഗമായിരിക്കും. തോട്ടത്തിൽ രവീന്ദ്രൻ, മുഹമ്മദേ റിയാസ് എന്നീ പേരുകളും മന്ത്രി സ്ഥാനത്തേക്കുള്ള പട്ടികയിലിടം നേടിയിട്ടുണ്ട്.
ഗോവിന്ദൻ മാസ്റ്റർക്കു സാധ്യത
കണ്ണൂരിൽ ജില്ലയിൽ നിന്നു കേന്ദ്ര കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ മന്ത്രിയാകും. ഇ.പി. ജയരാജന്റെ സ്ഥാനത്തേക്കാണ് എം.ബി. ഗോവിന്ദൻ മാസ്റ്ററെ പരിഗണിക്കുന്നത്.
ആരോഗ്യ മന്ത്രിയായി മികച്ച പ്രകടനം കാഴവെച്ച കെ.കെ. ശൈലജയ്ക്ക് ഉറപ്പായും മന്ത്രി സ്ഥാനമുണ്ട്. കാസർകോഡ്, വയനാട് ജില്ലകളിൽ നിന്നും മന്ത്രി സഭയിലേക്കു പരിഗണിക്കുന്നവർ കുറവാണ്. കാസർകോഡ് ജില്ലയിൽ നിന്നുള്ള സി.എച്ച്. കുഞ്ഞന്പുവിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും മന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത കുറവാണ്.
സിപിഐ മന്ത്രിമാരിൽ കൊല്ലം, തൃശൂർ ജില്ലകളിൽനിന്നും ഉറപ്പായും ഒരോ മന്ത്രിമാരുണ്ടാകും. കൊല്ലത്തു നിന്നും വനിതയായ ജെ. ചിഞ്ചുറാണി, പുനലൂരിൽനിന്നുള്ള പി.എസ് സുപാൽ, പത്തനംതിട്ടയിൽ നിന്നും മൂന്നു ടേം പൂർത്തീകരിക്കുന്ന ചിറ്റയം ഗോപകുമാർ, ആലപ്പുഴയിൽ നിന്നുള്ള പി. പ്രസാദ്, കോഴിക്കോട് നാദാപുരത്തു നിന്നും വിജയിച്ച ഇ.കെ. വിജയൻ, തൃശൂരിൽ നിന്നുള്ള കെ. രാജൻ, വി.ആർ. സുനിൽകുമാർ, കാഞ്ഞങ്ങാട് നിന്നും ജയിച്ച മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവരാണ് മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളവർ.
ഡെപ്യൂട്ടി സ്പീക്കറും വനിത
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കു സിപിഐ വനിതയെ എത്തിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ വൈക്കത്തു നിന്നുള്ള സി.കെ. ആശ പരിഗണിക്കപ്പെടും. ചിറ്റയം ഗോപകുമാറിന്റെയും ഇ.കെ. വിജയന്റെയും പേരുകളുംൾ ആ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. സിപിഐ അടുത്ത ദിവസം ചേരുന്ന എക്സിക്യൂട്ടീവ് യോഗങ്ങളിൽ ഈ കാര്യത്തിൽ വ്യക്തതയുണ്ടാകും.
മാത്യു ടി. തോമസ് വന്നേക്കും
ജനതാദൾ സെക്കുലറിൽ നിന്നും മാത്യു ടി. തോമസ് വീണ്ടും മന്ത്രിയാകാൻ സാധ്യത കൂടുതലാണ്. കെ. കൃഷ്ണൻ കുട്ടിയും മാത്യു ടി. തോമസും രണ്ടു വർഷം വീതം മന്ത്രിയാകുമോ എന്ന കാര്യവും സംശയമുണ്ട്.
കേരള കോണ്ഗ്രസ് എമ്മിൽ നിന്നും ജോസ് കെ. മാണി വിജയിക്കാത്തതിനാൽ റോഷി അഗസ്റ്റിനും എൻ. ജയരാജുമാണ് മന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടേക്കാവുന്നത്. റോഷി അഗസ്റ്റിനാണ് പ്രഥമ പരിഗണന. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കേരള കോണ്ഗ്രസിനു ലഭിച്ചാൽ റോഷി അഗസ്റ്റിൻ മന്ത്രിയും എൻ. ജയരാജ് ഡെപ്യൂട്ടി സ്പീക്കറുമാകും.
ഒരു സീറ്റു മാത്രമുള്ള പാർട്ടികൾക്ക് മന്ത്രി സ്ഥാനം നൽകേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എൻസിപിയിൽ നിന്നും കഴിഞ്ഞ ലവണ മന്ത്രിയായ സി.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിയായേക്കും.