സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വയം പ്രചരണത്തിനിറങ്ങിയാല്‍ പോരാ, എതിരാളികളുടെ നീക്കങ്ങള്‍ കൂടി നിരീക്ഷിക്കണം. ഈ ഒരു തത്വം നിര്‍ണായക തെരഞ്ഞെടുപ്പില്പ്രവര്ത്തകര്ക്ക് പകര്‍ന്നു കൊടുക്കുകയാണ് സിപിഎം പ്രചാരണരംഗത്ത് പ്രവര്‍ത്തകര്‍ ഉഷാറാണെങ്കിലും മറ്റ് പാര്‍ട്ടികളുടെ നീക്കങ്ങള്‍ അറിയുന്നതിനും അത് പ്രതിരോധിക്കുന്നതിനും സമയം കണ്ടെത്തണമെന്ന നിര്‍ദേശമാണ് സിപിഎം നേതൃത്വം അണികള്‍ക്ക് നല്‍കുന്നത്.
പലപ്പോഴും പ്രവര്‍ത്തകര്‍ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടികളെയും അപേക്ഷിച്ച് സ്വന്തം സ്ഥാനാര്‍ഥിയുടെ വിജയത്തിനായി അഹോരാത്രം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ എതിരാളികളുടെനീക്കങ്ങള് പലപ്പോഴും അവസാന നിമിഷമാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തില്‍ വോട്ട് മറിക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നീക്കം നടത്തുന്നുണ്ടോ എന്നറിയുന്നതിനായി പ്രവര്‍ത്തകരെ നിയോഗിച്ചിരിക്കുകയാണ് സിപിഎം.
സാമൂദായിക സംഘടനകളെയും ഈ രിതിയില്‍ നിരീക്ഷിക്കുന്നുണ്ട്. പല സര്‍വേ ഫലങ്ങളും തങ്ങള്ക്കെതിരാകാന് കാരണം ഇത്തരത്തിലുള്ള അടിയൊഴുക്കുകളാണെന്നാണ് സിപിഎം പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കണക്കെടുത്തുനോക്കിയാല്‍ ഈസിയായി ജയിച്ചുകയറാവുന്ന മണ്ഡലങ്ങളില്‍ പോലും കനത്തപോരാട്ടമെന്ന സൂചന ലഭിക്കുന്നത് ഇതിന്റെ ഭാഗമായാണ്.
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ആര്‍എസ്എസ് പ്രചാരണം ശക്തമാക്കിയതായി കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. ചുരുക്കംചില മണ്ഡലങ്ങളൊഴിച്ചാല്‍ സിപിഎം തോല്‍വി ഉറപ്പിക്കാനാണ് ആര്‍എസ്എസ് സജീവമായി രംഗത്തുള്ളതെന്നാണ് വിലയിരുത്തല്‍. കോഴിക്കോടും വടകരയിലും കണ്ണൂരും ഈ അവസ്ഥയാണുള്ളതെന്ന് സിപിഎം വിലയിരുത്തുന്നു.
ഇവിടെ യുഡിഎഫിന് അനുകൂലമായി വോട്ടുമറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതറിഞ്ഞ് പ്രതിരോധിക്കാന്‍ ജനപ്രീതിയുള്ള നേതാക്കള്‍ പ്രചരണരംഗത്ത് മുഴുവന്‍ സമയവും ഉണ്ടാകണമെന്നാണ് പാര്‍ട്ടി തീരുമാനം. കോലീബി സഖ്യമെന്ന ആരോപണം ഉയര്‍ത്തുന്നതിനൊപ്പം ആര്‍എഎസ്എസ് നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ രംഗത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.