പ്രത്യേക ലേഖകൻ
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചകളിലും തീരുമാനമായില്ല.
തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാദമുഖങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതും പാര്‍ട്ടിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞ് വരാതിരുന്നതും ചര്‍ച്ചകള്‍ വഴിമുട്ടാനിടയാക്കിയെന്നാണ് സൂചന. ഇതേതുടര്‍ന്ന് 12ന് വീണ്ടും ചര്‍ച്ച നടക്കുമെന്നറിയുന്നു.
12ന് വീണ്ടും ചര്‍ച്ച
ബില്‍ഡിംഗ് ഫണ്ടിനായുള്ള ചിട്ടി നടത്തിപ്പ്, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നടത്തിയ സാമ്പത്തിക തിരിമറിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നു.
കൂട്ടത്തില്‍ രക്തസാക്ഷിഫണ്ടിലെ തിരിമറികളും ചര്‍ച്ചയായിരുന്നു. നടപടിക്രമമനുസരിച്ച് ഇതേപ്പറ്റി പാര്‍ട്ടി ഏരിയാ കമ്മിറ്റി അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറോളം പേര്‍ക്കെതിരെ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായുമുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഈ വിഷയത്തില്‍ മുമ്പുനടന്ന ജില്ലാ യോഗത്തിന്റെ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇതേതുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഇന്നലെ വീണ്ടും രണ്ടാംവട്ട ചര്‍ച്ച നടന്നത്.
ഇതിലും തീരുമാനത്തിലെത്താതെ വന്നതിനെ തുടര്‍ന്ന് 12ന് വീണ്ടും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരിക്കും ഈ ചര്‍ച്ച നടക്കുകയെന്നാണ് അറിയുന്നത്.
എല്ലാം മാധ്യമസൃഷ്ടി!
പാര്‍ട്ടിതലത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളും ഇതേതുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും സാമ്പത്തിക തിരിമറിയില്‍ പങ്കാളികളായവരേയും അവരെ പിന്തുണയ്ക്കുന്നവരേയും വെട്ടിലാക്കിയിരുന്നു.
ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംഭവം വിവാദമാക്കിയവരാണ് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയതെന്ന വാദമാണ് ചിലര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നറിയുന്നു.അതേസമയം ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്ന പാര്‍ട്ടിയുടെ പ്രസ്താവനക്കിടയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച മുന്‍ എംഎല്‍എ ടിവി.രാജേഷിന്റെ നേതൃത്വത്തിലുള്ള കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയര്‍ക്ക് പാര്‍ട്ടി ക്ലീന്‍ചീറ്റ് നല്‍കിയതെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കളങ്കിതർക്കെതിരേ
എന്നാല്‍, പാര്‍ട്ടി നേതൃത്വം പോലുമറിയാതെ നേതൃത്വത്തിന്റേതായ രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയ ചില വ്യക്തികള്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന ചര്ച്ചയുമുയര്ന്നു.
വാദപ്രതിവാദങ്ങള്‍ മുറുകിയപ്പോള്‍ നടപടികള്‍ ലഘൂകരിക്കാനുള്ള ചര്‍ച്ചകളിലേക്ക് നീങ്ങിയെങ്കിലും പയ്യന്നൂരിലെ സിപിഎമ്മില്‍ ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന വാദങ്ങളും ശക്തമായി.ഇതേതുടര്‍ന്നാണ് വിഷയം വീണ്ടും ചര്‍ച്ചചെയ്യാനായി മാറ്റിവെച്ചതെന്നാണ് സൂചന.