തിരുവല്ല: ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ച് ആളെക്കൂട്ടി യോഗം നടത്തിയെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന 50 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ് തലയൂരി.
ലോക്ഡൗണ്‍ ദിനമായിരുന്ന ഞായറാഴ്ച കുറ്റൂരില്‍ സംഘടിപ്പിച്ച സിപിഎം സമ്മേളനമാണ് വിവാദമായത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, സംസ്ഥാന സമിതിയംഗം കെ. അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സിപിഎമ്മിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം 49 കുടുംബങ്ങളിലെ 102 പേര് സിപിഎം അംഗത്വം പുതുതായി സ്വീകരിച്ച ചടങ്ങായിരുന്നു ഇത്.
നൂറുകണക്കിനാളുകള്‍ സമ്മേളിച്ചിരുന്നെങ്കിലും പൊതുയോഗം നടന്നിട്ടില്ലെന്ന് പാര്‍ട്ടി വിശദീകരിച്ചു.
പക്ഷേ അധ്യക്ഷനും പ്രാസംഗികരുമൊക്ക വാര്ത്താക്കുറിപ്പിലുണ്ടാകുകയും ചെയ്തു. 50 പേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘനത്തിനു കേസെടുത്ത് തിരുവല്ല പോലീസ് തലയൂരിയിരിക്കുകയാണ്.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴയടക്കം സംഭവത്തില്‍ പരാതി നല്‍കിയിരുന്നു.
ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനക്കേസുകളില്‍ പോലീസ് ഇരട്ടത്താപ്പ് പുലര്‍ത്തുന്നതായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും കുറ്റപ്പെടുത്തി.