സ്വന്തം ലേഖകന്‍
കോഴിക്കോട്: സിപിഎംസംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെറ മകന് ബിനീഷ് കൊടിയേരി മയക്കുമരുന്ന് കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കള്ളപ്പണ കേസിലും അറസ്റ്റിലായതോടെ പ്രതിരോധത്തിലായ ഇടതുസര്‍ക്കാരിനെതിരേ ആഞ്ഞടിക്കാൻ കോപ്പൂകൂട്ടി ബിജെപി.
ദേശീയ രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്ര സഹമന്ത്രി വി.മുരളീധരനടക്കമുള്ളവര്‍. ഇതിനായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ സമ്മര്‍ദവും ഉണ്ട്.
അടിക്കാനുള്ള വടി
നിലവില്‍ മുഖ്യമന്ത്രി പിണറായിവിജയനും മറ്റു സിപിഎം നേതാക്കളും വി.മുരളീധരനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കെയാണ് രണ്ട് അറസ്റ്റുകളും ഉണ്ടാകുന്നത്.
രാജ്യത്തു സിപിഎം ഭരണം അവശേഷിക്കുന്ന എകസംസ്ഥാനത്തെ പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന് തന്നെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടത് അടിക്കാനുള്ള ഏറ്റവും വലിയ വടിയായാണ് ബിജെപി കാണുന്നത്.
വലിയ കാപ്സ്യൂൾ
വിശ്വസ്തരുടെയും സ്വന്തക്കാരുടെയും അറസ്റ്റുകളുടെ പെരുമഴയ്ക്കിടയിലും സര്‍ക്കാരിനു തിരിച്ചടിയല്ലെന്ന നിലപാടില്‍ സിപിഎം എത്തുമ്പോഴും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കിടയിലും അണികള്‍ക്കിടയിലും ഇതുണ്ടാക്കിയ ആഘാതം ചില്ലറയല്ല.
ഇതു പരിഹരിക്കാന്‍ വലിയ ‘കാപ്സ്യൂളുകള്‍’ തന്നെ വേണ്ടിവരുമെന്നു നേതൃത്വത്തിനറിയാം.
ബിനീഷ് കൊടിയേരി പാര്‍ട്ടി അംഗമല്ലെന്നും സിപിഎം നേതാവല്ലെന്നും പറയുമ്പോഴും അദ്ദേഹം സിപിഎം ആഭിമുഖ്യത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഫോട്ടോകളും പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന വേദിയില്‍ എത്തിയതും സചിത്രസഹിതം ബിജെപി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇതോടൊപ്പം സ്വന്തം മകനെയും കുടുംബത്തെയും നേര്‍വഴിക്കു നടത്താന്‍ കഴിയാത്ത സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങിനെ ഒരുപാര്‍ട്ടിയെ നേര്‍വഴിക്കു നടത്തുമെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.
തിരിച്ചടി മറികടക്കാൻ
സ്വര്‍ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തിയതു സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം അവശേഷിക്കേവിവാദം മൂലം വലിയ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.
എന്നാല്‍, കരുത്തരായ കേരളത്തിലെ രണ്ട് നേതാക്കള്‍ വിവാദത്തില്പ്പെടുമ്പോഴും ‘കേരള ഘടകം’ നയിക്കുന്ന പോളിറ്റ് ബ്യൂറോയ്ക്ക് നിസഹായരായിരിക്കേണ്ട അവസ്ഥയാണുള്ളത്.
രാജ്യത്ത് എക പ്രതീക്ഷയുള്ള സംസ്ഥാനം കേരളം മാത്രമാണെന്നതാണ് സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നത്.