പത്തനംതിട്ട: പുറമേ കണ്ടാല്‍ കടിച്ചു കീറാന്‍ വെമ്പി നില്ക്കുന്ന സിപിഎം-ബിജെപി നേതാക്കളുടെ സൗഹാര്‍ദ്ദ ചീട്ടുകളി പൊലീസ് പൊക്കി. രണ്ടു വര്‍ഷമായി നടന്നിരുന്ന സിപിഎം-ബിജെപി റമ്മികളി ബാന്ധവത്തിന് ഇന്ന് പൊലീസ് പിടിവീണു. പണം വച്ചു ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ബിജെപിയുടെ പഞ്ചായത്തംഗവും സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായ സ്കൂള്‍ അദ്ധ്യാപകന് അടക്കം ആറുപേര്‍ പിടിയിലായി.
മല്ലപ്പള്ളിക്ക് സമീപം എഴുമറ്റൂരില്‍ ഇന്ന് രാത്രി ഏഴിനാണ് പൊലീസ് സര്‍വകക്ഷി ചീട്ടുകളി സംഘത്തെ വളഞ്ഞിട്ടു പിടിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ഒരു പൊലീസും വരില്ലെന്ന ധൈര്യത്തിലായിരുന്നു എഴുമറ്റൂര്‍ ജംഗ്ഷനിലുള്ള സിറ്റിസണ്‍സ് ക്ലബില്‍ സംഘം താവളമടിച്ചിരുന്നത്.
എഴുമറ്റൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ബിജെപി അംഗം സന്തോഷ് സായി (38), സിപിഐം മുന്‍പഞ്ചായത്തംഗവും കോട്ടയം സെമിനാരി സ്കൂള്‍ അദ്ധ്യാപകനുമായ ഏഴുമറ്റൂര്‍ അരിക്കല്‍ താന്നിക്കല്‍ വീട്ടില്‍ ജോണ്‍സ് വര്‍ഗീസ് (55), പാടിമണ്‍ ഇളംതോട്ടക്കുഴി വീട്ടില്‍ ജോസ് (62), കിളിയത്ത് കാവ് അനില്‍ സദനം പ്രസാദ് (41), തെക്കേകവല ഭാഗത്ത് കടയ്ക്കേ തുണ്ടിയില്‍ സലിം (35), കാളിയങ്കാവ് കുത്തുകല്ലുങ്കല്‍ വീട്ടില്‍ സുരേഷ് (51) എന്നിവരെയാണ് പെരുമ്പെട്ടി എസ്ഐ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 14,000 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.
പെരുമ്പെട്ടി സ്റ്റേഷനിലെ പഴയ ക്വാര്‍ട്ടേഴ്സ് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് എസ്ഐക്കെതിരേ ഗുരുതരആരോപണം ഉന്നയിച്ച് ചാനലുകളില്‍ വാര്‍ത്ത നല്കിയ ആളാണ് സന്തോഷ് സായി. ഇതിന്റെ വിരോധം തീര്‍ക്കാന്‍ എസ്ഐ ഇയാളെ മനഃപൂര്‍വം കുടുക്കിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇങ്ങനെ ഒരു പഴി കേള്‍ക്കേണ്ടി വരുമെന്ന് നേരത്തേ അറിയാമായിരുന്നതിനാല്‍ പൊലീസിന്റെ നീക്കം തുടക്കം മുതല്‍ ഒടുക്കം വരെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. സിവില്‍ വേഷത്തിലാണ് പൊലീസ് സംഘം എത്തിയത്.
ജനമൈത്രിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പണം വച്ചുള്ള ചീട്ടുകളിയെക്കുറിച്ച് അറിവു ലഭിച്ചത്. പഞ്ചായത്തംഗം സന്തോഷ് സായി പറമ്പില്‍ നിന്ന രണ്ടു തേക്ക് വെട്ടിവിറ്റു കിട്ടിയ പണവുമായിട്ടാണ് ചീട്ടുകളിക്കാന്‍ പോയത്. ഇയാളാണ് സംഘത്തലവന് എന്ന് പൊലീസ് അറിയിച്ചു. ക്ലബിനുള്ളില്‍ തന്നെ മദ്യപാനം,കഞ്ചാവ് ഉപയോഗം എന്നിവ നടന്നിരുന്നുവെന്ന് പൊലീസിന് വിവരം കിട്ടി. പിടികൂടിയത് ബിജെപിക്കാരനെ മാത്രമാണെന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്.
എന്നാല്‍ സിപിഎം നേതാവും സംഘത്തിലുണ്ടെന്നറിഞ്ഞ പോലീസ് ധര്‍മസങ്കടത്തിലായി. അതിനോടകം ചാനലുകളില്‍ ഫ്ളാഷ് വന്നതിനാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയാതെ വന്നു. രാവിലെ തന്നെ കൈയിലുള്ള പണവുമായി വീടുവിട്ടിറങ്ങുന്ന പുരുഷന്മാര് രാത്രി വൈകി വെറും കൈയോടെയാണ് തിരിച്ചെത്തിയിരുന്നത്. രണ്ടു വര്‍ഷത്തിലധികമായി ഇവിടെ പണം വച്ചുള്ള ചീട്ടുകളി നടന്നു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ കളിക്കാനുള്ളത് കാരണം പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. എന്തായാലും ഈ ചീട്ടുകളിയിലെ ഈ സൗഹൃദം പോലീസിനെവരെ അമ്പരപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.