കണ്ണൂർ: കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണവുമായി മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം ഇരിട്ടിയിലെത്തി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിപിഎം ചീങ്കക്കുണ്ടം ബ്രാഞ്ച് സെക്രട്ടറിയും 108 ആംബുലൻസ് ഡ്രൈവറുമായ കോളിക്കടവിലെ എ. സുഭിലാഷിനെയും സഹോദരൻ സുബിത്തിനെയും കർണാടക ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് സുഭിലാഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഇതിന്റെ തുടർ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംഘം ഇരിട്ടിയിൽ എത്തിയതെന്നാണ് കരുതുന്നത്. സംഭവവുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടെന്നും ഇതിൽ സംശയിക്കുന്നവരെ കണ്ടെത്താനുമായാണ് ഇവർ എത്തിയതെന്നാണ് വിവരം.
അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെ 108 ആംബുലൻസ് ഡ്രൈവറായിരുന്നു സുഭിലാഷ്. ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷററും, ജില്ലാ സെക്രട്ടറിയും കൂടിയായ സുഭിലാഷ് സിപിഎം ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്നു.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തതോടെ സുഭിലാഷിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.
ഇയാൾക്കെതിരെ ഇരിട്ടിയിലെ ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും പണം തട്ടിപ്പറിച്ചതിനും കൊലപാതക ശ്രമത്തിനുമടക്കം ആറോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
സഹോദരൻ സുബിത്തിന്റെ പേരിലും കേസുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് കൂടുതൽ അന്വേഷണത്തിനായി സെൻട്രൽ ക്രൈം ബ്രാഞ്ച് ഇരിട്ടിയിൽ എത്തിയത്