സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിജയം മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നും രണ്ടു തവണയിൽ കൂടുതൽ മത്സരിച്ചു എന്ന നിബന്ധനയിൽ ആരെയും ഒഴിവാക്കേണ്ടെന്നും സിപിഎമ്മിൽ ധാരണ ഉരുത്തിരിയുന്നു.
പാർട്ടി ജില്ലാ സെക്രട്ടേറിയറ്റുകൾ നൽകിയ സ്ഥാനാർഥി പട്ടിക പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയുമായി കൂടും.
നാളെ ചേരുന്ന പാർട്ടി സംസ്ഥാന സമിതി യോഗം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.
തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. രണ്ടു ടേം പൂർത്തിയാക്കിയ നിരവധി മന്ത്രിമാരെയും എംഎൽഎമാരേയും മത്സരരരംഗത്തേക്ക് ജില്ലാ സെക്രട്ടറിയേറ്റുകൾ ശിപാർശ ചെയ്തിട്ടുണ്ട്.
ഇവർക്ക് ഇളവ് നൽകണമോയെന്ന കാര്യത്തിൽ സംസ്ഥാന സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
തുടർഭരണം ലഭിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടു ടേം പൂർത്തിയായവരെ ഇത്തവണ വീണ്ടും മത്സരിപ്പിക്കണമെന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി ഇളവ് അനുവദിക്കാനാണ് സാധ്യത.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂല നിലപാടാണ്. രണ്ടു ടേം എന്നതിനേക്കാളുപരി വിജയസാധ്യത മാനദണ്ഡമാക്കുന്നതിനെക്കുറിച്ചു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മിൽ ആശയ വിനിമയം നടത്തിയിട്ടുണ്ട്.
അതിനാൽ പലർക്കും ഇളവ് ലഭിക്കാനിടയുണ്ട്. തുടർഭരണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട് സിപിഎം നീങ്ങുന്നതിനാൽ നേരത്തെ മുതൽ സ്വീകരിച്ചു വന്നിരുന്ന മാനദണ്ഡങ്ങളിൽ ഇക്കുറി കടുംപിടിത്തം വേണ്ടെന്നാണ് നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്ന അഭിപ്രായം.
ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടും ടേം കഴിഞ്ഞ പല മന്ത്രിമാരെയും എംഎൽഎമാരെയും സ്ഥാനാർഥി പട്ടികയിൽ ജില്ലാ സെക്രട്ടറിയേറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൽഡിഎഫ് യോഗം കൂടിയതിനുശേഷമായിരിക്കും അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറക്കുക.
എൽഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാട് സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.
സീറ്റ് വിഭജനം സംബന്ധിച്ചു തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലും നാളത്തന്നെ സ്ഥാനാർഥി നിർണയം ഉണ്ടാകും.
സിപിഐയും കേരള കോൺഗ്രസ് – എമ്മും ജനാധിപത്യ കേരള കോൺഗ്രസും ചങ്ങനാശേരി വേണമെന്നു വാശിപിടിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരി വേണമെന്നാണ് സിപിഐയുടെ ആവശ്യം.