പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയെ വിളിച്ചാൽ ഫോണെടുക്കില്ലെന്ന പരാതി പരസ്യമായി ഉന്നയിച്ച യു. പ്രതിഭ എംഎൽഎയുടെ വാക്കുകളെ പിന്തുടർന്ന് പത്തനംതിട്ടയിൽ സജീവ ചർച്ച.
സിപിഎം സമ്മേളന കാലയളവായതിനാൽ ചൂടുള്ള വിഷയം ലഭിക്കാൻ കാത്തിരിക്കുന്പോഴാണ് കഴിഞ്ഞദിവസം കായംകുളം എംഎൽഎ വെടിപൊട്ടിച്ചത്.
പരാതി പറഞ്ഞു മടുത്ത പാർട്ടി അംഗങ്ങൾ പരസ്യചർച്ചയ്ക്ക് ആരെങ്കിലും തുടക്കമിടട്ടെയെന്ന് ആലോചിച്ചിരിക്കുന്പോഴാണ് മന്ത്രിയുടെ പേരു പറയാതെ, യു. പ്രതിഭ ആഞ്ഞടിച്ചത്.
പത്തനംതിട്ടയിലെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ നാലിനേ സമാനമായ ഒരു ആരോപണം ഉയർന്നിരുന്നതായി പറയുന്നു.
പരാതികൾ നിരത്താൻ നിരവധി പേരുണ്ടായിരുന്നു. പിന്നാലെ പത്തനംതിട്ടയിൽ നടന്ന ചില പരിപാടികളിൽ എൽഡിഎഫ് നേതാക്കൾക്കും കൗണ്സിലർമാർക്കും വേദി ലഭിക്കാതെ വന്നതോടെ പരാതി ഇരട്ടിച്ചു.
ഇതേ വിഷയം സിപിഎം പത്തനംതിട്ട നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളും ചർച്ച ചെയ്തതായി പറയുന്നു.
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിലും ചർച്ച ഫോണ് പ്രശ്നം ആകുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. മന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിൽ എൽഡിഎഫ് നേതാക്കൻമാരെ ഒഴിവാക്കുന്നുവെന്ന ആക്ഷേപം ഘടകകക്ഷികൾ പരസ്യമാക്കിയിരുന്നു.
ആറന്മുളയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി പങ്കെടുക്കാത്ത നേതാക്കൻമാരുടെയും അംഗങ്ങളുടെയും പേരുവിവരം അടക്കം റിപ്പോർട്ടായി പുറത്തുവന്ന തൊട്ടടുത്ത ദിവസംതന്നെയാണ് മറ്റൊരു വിവാദത്തിനു മണ്ഡലത്തിൽ തുടക്കമിട്ടിരിക്കുന്നത്.
ഇതിനിടെ ആരോഗ്യവകുപ്പ് നല്ലനിലയിൽ കൈകാര്യം ചെയ്യുന്ന മന്ത്രി വീണാ ജോർജിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങൾ കരുതിക്കൂട്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയിറക്കി. ഇത്തരം മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.