മാനന്തവാടി: കുറുവ ഇക്കോ ടൂറിസം സെന്ററുമായി ബന്ധപ്പെട്ടതടക്കം വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന സിപിഎം-സിപിഐ തർക്കം മാനന്തവാടി നഗരസഭയിൽ ഡപ്യൂട്ടി ചെയർപേഴ്സണ്‍ സ്ഥാനമാറ്റത്തിനു മങ്ങലേൽപ്പിക്കുന്നു. എൽഡിഎഫ് ധാരണ പ്രകാരം നഗരസഭാഭരണത്തിന്റെ രണ്ടാം പകുതിയിൽ ഡപ്യൂട്ടി ചെയർപേഴ്സണ്‍ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.
എന്നാൽ പദവി മാറ്റത്തിനു ഒരുക്കമല്ലെന്ന സൂചനയാണ് സിപിഎം നൽകുന്നത്. വിഷയത്തിൽ അടിയന്തര തീരുമാനം ആവശ്യപ്പെട്ട് സി പിഐ മണ്ഡലം സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ജോണി മറ്റത്തിലാനി ഒരു മാസം മുന്‍പ് നൽകിയ കത്തിനു സിപിഎം ഏരിയ സെക്രട്ടറി മറുപടി നൽകിയിട്ടില്ല.
നഗരസഭ കൗണ്‍സിലിൽ സിപിഎമ്മിന് 18-ഉം യുഡിഎഫിന് 15-ഉം സിപിഐക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്. ഒരു സ്വതന്ത്ര അംഗവും കൗണ്‍സിലിലുണ്ട്. നഗരസഭ ചെയർമാൻ സിപിഎമ്മിലെ വി.ആർ. പ്രവീജ് ആരോഗ്യകാരണങ്ങളാൽ അവധിയിലാണ്. ചെയർമാന്റെ ചുമതലയും ഡപ്യൂട്ടി ചെയർപേഴ്സണാണ് വഹിക്കുന്നത്.