സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളം ജില്ലയിലെ നാല് സിപിഎം ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടലിലേയ്ക്ക്.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാലടി, വൈറ്റില, നെടുമ്പാശേരി, ആലങ്ങാട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടാനുള്ള തീരുമാനം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് ജില്ലാ കമ്മിറ്റി യോഗത്തില്‍ അറിയിച്ചത്.
ഞായറാഴ്ച ലെനിന് സെന്ററില്‍ നടന്ന യോഗത്തില്‍ ഏരിയാ കമ്മിറ്റികളെക്കുറിച്ച് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
നേതാക്കളുടെ ആര്‍ഭാട ജീവിതവും റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധത്തിനും കടിഞ്ഞാണിടണമെന്ന് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.
പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഈ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും അതിനു ശേഷം സമ്മേളനങ്ങള്‍ സുഗമമായി നടത്തണമെന്നുമാണ് യോഗത്തില്‍ തീരുമാനമായത്.
സെക്രട്ടറിയുടെ ഈ നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇതു കൂടാതെ ജില്ലയിലെ അഞ്ച് ഏരിയാ കമ്മിറ്റികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയും നടപടി പിന്നാലെ ഉണ്ടാകും.
കൂത്താട്ടുകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, കളമശേരി, മുളന്തുരുത്തി എന്നീ കമ്മിറ്റികള്ക്കെതിരേയാണ് നടപടി വരുന്നത്.
ഇതോടെ ജില്ലയില്‍ ആകെയുള്ള 20 കമ്മിറ്റികളില്‍ ഒന്‍പത് എണ്ണത്തിനെതിരേ നടപടിയുണ്ടാകും.
രൂക്ഷമായ വിഭാഗീയതയും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവുമാണ് പാര്‍ട്ടി നടപടികള്‍ക്കു കാരണമായത്.
മുന്‍പ് ജില്ലയില്‍ 16 കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. വിഭാഗീയതയും മറ്റും കൂടിയതോടെയാണ് അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി നാല് കമ്മിറ്റികള്‍ കൂടി രൂപീകരിച്ചത്.
എന്നാല്‍ കമ്മിറ്റികളുടെ എണ്ണം കൂടിയതോടെ വിഭാഗീയതയുടെ അതിപ്രസരം പാര്‍ട്ടിയിലും വര്‍ധിക്കുകയാണ് ചെയ്തതെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഇനി പഴയതു പോലെ 16 കമ്മിറ്റികള്‍ വെച്ച് പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് കമ്മീഷന് റിപ്പോര്‍ട്ടും പിരിച്ചുവിടല്‍ തീരുമാനവും ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
തുടര്‍ന്ന് 16, 17 തിയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കും.
കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലയില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്ത സമയത്ത് ഇത് പോലെയൊരു തീരുമാനം ജില്ലാ കമ്മറ്റി കൈക്കൊള്ളുന്നത്.