പത്തനംതിട്ട: സിപിഎം നേതാക്കളുടെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോര്‍ജ് ജോസഫ് സ്ഥലംമാറ്റത്തിന് അപേക്ഷ നല്കി. നിലവില്‍ രണ്ടുദിവസത്തെ അവധിയാണ് ജില്ലാ കളക്ടര്‍ അനുവദിച്ചിരിക്കുന്നത്. സ്ഥലംമാറ്റം ആവശ്യപ്പെട്ടു വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് നല്കിയ കത്തില്‍ തീരുമാനമെടുക്കാന്‍ റവന്യൂ സെക്രട്ടറിക്കു കൈമാറി.
സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ , തന്നെ വന്നു കണ്ട വില്ലേജ് ഓഫീസര്‍ പരാതി ഇല്ലെന്ന് ആദ്യം പറഞ്ഞിരുന്നതായി ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ തഹസീല്‍ദാര്‍ വില്ലേജ് ഓഫീസറുടെ മൊഴി ശേഖരിക്കുകയും സിപിഎം ഏരിയാ സെക്രട്ടറിയുമായി നടത്തിയ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗ് വാങ്ങിവയ്ക്കുകയും ചെയ്തു.
എന്നാല്‍ വീണ്ടും ഭീഷണി വന്നെന്ന പേരില്‍ ഉച്ചയോടെ ഓഫീസിലെത്തി, പരാതി നല്കി. പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. വില്ലേജ് ഓഫീസറെ വിളിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തി നടപടിയെടുക്കാനും ആവശ്യപ്പെട്ടതായി കളക്ടര്‍ പറഞ്ഞു.
വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട നാരങ്ങാനം വില്ലേജ് ഓഫീസര്‍ ജോര്‍ജ് ജോസഫിനെ സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു അസഭ്യം പറയുകയും ഓഫീസില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം ഭീഷണികളുണ്ടായെന്ന പരാതിയുണ്ടായത്.
നാരങ്ങാനം വില്ലേജ് ഓഫീസറായിരുന്ന ജോസഫ് ജോര്‍ജ് അങ്ങാടിക്കലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഉയര്‍ന്ന പരാതിയില്‍ വകുപ്പുതല നടപടിയെന്ന നിലയില്‍ സസ്പെന്ഷന് നേരിട്ടിരുന്നുവെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.അന്വേഷണത്തിനിടെ ആര്ഡിഒയോടു മോശമായി പെരുമാറിയെന്ന പേരിലും ആക്ഷേപമുണ്ടായി. ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്ന് നടപടി ഉണ്ടായത്. വില്ലേജ് ഓഫീസര്‍ കുറ്റക്കാരനാണോ എന്നറിയാന്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു.