സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ സ്വീകരിച്ച കുറ്റ്യാടി ഫോര്‍മുല സിപിഎമ്മിന് ഭാവിയില്‍ വെല്ലുവിളിയാവും.
സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിക്കാതെ പ്രാദേശിക പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയതും തുടര്‍ന്ന് അഭിപ്രായം മാറ്റേണ്ടി വന്നതും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതിയ അധ്യായമാണ്.
പാര്‍ട്ടി തീരുമാനത്തെ നിസ്സംശയം അണികള്‍ അനുസരിക്കുമെന്ന പതിവുരീതിയാണ് ഇതോടെ ഇല്ലാതായത്. ഇത് പാര്‍ട്ടി സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന കമ്മിറ്റി ഒരു തീരുമാനമെടുത്താല്‍ അതിനെ എതിര്‍ക്കുകയും പൊതുജനമധ്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംഘടനാ രീതിക്ക് യോജിച്ചതല്ലെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന പല തീരുമാനങ്ങളിലും പ്രതിഷേധം തെരുവുകളിലേക്ക് എത്താനും പിന്നീട് തീരുമാനം തിരുത്താനമുള്ള രീതിയിലേക്ക് വഴിമാറും. ഇത് ഒരു വിധത്തിലും തുടരാന്‍ അനുവദിക്കരുതെന്നാണ് പാര്‍ട്ടി നിലപാട്.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരേ പരസ്യപ്രതിഷേധം നടത്തിയവര്‍ക്കെതിരേ നടപടി വേണമെന്ന നിലപാടാണ് ചില നേതാക്കള്‍ക്കുള്ളത്. നടപടി സ്വീകരിക്കാത്ത പക്ഷം പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റായ ആശയം വളരും.
പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ഇത്തരം രീതികള്‍ പ്രതികൂലമായി ബാധിക്കുമെന്നും സിപിഎം നേതൃത്വം വിലയിരുത്തി. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനിടെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരേ നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. നടപടി സ്വീകരിക്കുന്ന പക്ഷം പ്രവര്‍ത്തകര്‍ക്കിടയിലുള്ള അതൃപ്തി പരസ്യമാകാനിടയുണ്ട്.
ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷം നടപടിയും പരിശോധനയും ഉണ്ടാവും.
വിഭാഗീയത തടയാന്‍ തന്ത്രം
ഘടകകക്ഷിക്ക് സീറ്റ് കൊടുത്തതിനെ തുടര്‍ന്ന് കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ പ്രതിഷേധം പ്രാദേശിക വിഭാഗീയതയിലേക്ക് കടക്കുമെന്ന ഘട്ടത്തിലാണ് തീരുമാനം പുന:പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
കേന്ദ്രനേതൃത്വവും പോളിറ്റ് ബ്യൂറോയും വരെ വിഷയത്തില്‍ ഇടപെട്ടിരുന്നു.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അസാധാരണ പ്രതിഷേധത്തിനാണ് പിന്നീട് സിപിഎം സാക്ഷ്യം വഹിച്ചത്.
പാര്‍ട്ടി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുനയശ്രമം വകവയ്ക്കാതെയായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ഈ പ്രതിഷേധം സിപിഎമ്മിനെ ആശങ്കയിലാക്കിയിരുന്നു. ഇതോടെയാണ് ജില്ലാ സെക്രട്ടറിയറ്റംഗം കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചത്.