ജിബിൻ കുര്യൻ
കോട്ടയം: ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നു. പാർട്ടി കോണ്ഗ്രസിനു വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ 10നാണ് കണ്ണൂരിൽ സമ്മേളനം തുടങ്ങുന്നത്.
ജില്ലാ സമ്മേളന നടത്തിപ്പിനായി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ടു ടീമായി നേതാക്കൾ എത്തും.
ഇന്നു ചേരുന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കും.
സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് ഡിസംബർ 14ന് ജില്ലാ സമ്മേളനം ആരംഭിക്കും. കണ്ണൂരിലും എറണാകുളത്തും കോഴിക്കോടും എല്ലാ നേതാക്കളും സമ്മേളത്തിനെത്തും.
മുഖ്യമന്ത്രി പിണറായി വിജയന്റെ ടീമിൽ സംസ്ഥാന ആക്്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുമുണ്ടാകും.
കോടിയേരി ബാലകൃഷ്ണന്റെ ടീമിൽ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും പങ്കെടുക്കും.കേന്ദ്രകമ്മറ്റിയംഗങ്ങളായ പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ. കെ. ഷൈലജ, എം.സി. ജോസഫൈൻ, പാലൊളി മുഹമ്മദുകുട്ടി, എളമരം കരീം, എം.വി. ഗോവിന്ദൻ, എ.കെ.ബാലൻ, കെ. രാധാകൃഷ്ണൻ, ഇ. പി. ജയരാജൻ, വൈക്കം വിശ്വൻ, തോമസ് ഐസക് എന്നിവർ രണ്ടു പിബി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ടീമിലുണ്ടാകും.
കേന്ദ്ര കമ്മറ്റിയംഗങ്ങൾക്കു പുറമേ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളും സമ്മേളന നടത്തിപ്പ് ടീമിലുണ്ട്.
എം.എം.മണി, കെ. ജെ. തോമസ്. ആനത്തലവട്ടം ആനന്ദൻ, ബേബി ജോണ്, കെ. എൻ.ബാലഗോപാൽ, പി. രാജീവ് എന്നിവരാണ് സെക്രട്ടറിയേറ്റംഗങ്ങൾ.
അതതു ജില്ലകളിൽ നിന്നുള്ള കേന്ദ്രകമ്മറ്റി, സെക്രട്ടറിയേറ്റംഗങ്ങൾ അവരവരുടെ ജില്ലാ സമ്മേളങ്ങളിലുമുണ്ടാകും.
ഇതിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാലും പി.രാജീവും എം.വി. ഗേവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരുടെ തിരക്കുള്ളതിനാൽ മുഴുവൻ സമയവും സമ്മേളനത്തിനുണ്ടാകില്ല.
സെക്രട്ടറിമാർ മാറിയേക്കും
ജില്ലാ സമ്മേളങ്ങളിൽ ഭൂരിഭാഗം സെക്രട്ടറിമാരും തുടരാനാണ് സാധ്യത. ടേം പൂർത്തിയാക്കാത്തതിനാലാണ് ഇവർക്ക് വീണ്ടും അവസരം ലഭിക്കുന്നത്.
എന്നാൽ പാലക്കാട് ജില്ലാ സെക്രട്ടറി സി. കെ.രാജേന്ദ്രൻ മാറാൻ സാധ്യതയുണ്ട്. രാജേന്ദ്രൻ മാറിയാൽ എൻ. എൻ.കൃഷ്ണദാസ് സെക്രട്ടറിയാകും.
വി.എസ്.പക്ഷ നേതാവായിരുന്ന കൃഷ്ണദാസ് കഴിഞ്ഞ കുറേ നാളായി ഒൗദ്യോഗിക പക്ഷത്തോടാണ് കൂറു പുലർത്തുന്നത്.
ഇടുക്കി, പത്തനംതിട്ട ജില്ലാ സെക്രട്ടറിമാരും ആരോഗ്യ പ്രശ്നങ്ങളാൽ മാറിയേക്കും. ഇടുക്കിയിൽ കെ.കെ.ജയചന്ദ്രൻ മാറിയാൽ സി.വി.വർഗീസ് സെക്രട്ടറിയാകും.
സെക്രട്ടറിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പി.എൻ.വിജയനെതിരെ അടുത്ത നാളിൽ നടപടിയുണ്ടായതിനാൽ സാധ്യത കുറവാണ്. മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗം ആർ.തിലകിനേയും പരിഗണിക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.ആർ.ഉദയഭാനുവും ആരോഗ്യപ്രശ്നങ്ങളാൽ ഒഴിവായേക്കും. ആർ. സനൽകുമാർ, രാജു ഏബ്രഹാം എന്നിവരാണ് പുതിയ സെക്രട്ടറിമാരായി പരിഗണനയിൽ.
തിരുവനന്തപുരത്ത് ആനാവൂർ നാഗപ്പനെതിരെയും ഒരു വിഭാഗം രംഗത്തുണ്ടെങ്കിലും ആനാവൂരിനെ മാറ്റാൻ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല.
വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കില്ല
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ കേന്ദ്രകമ്മറ്റിയിലെ ക്ഷണിതാവായ വി.എസ്.അച്യുതാനന്ദൻ സമ്മേളനങ്ങളിൽ പങ്കെടുക്കില്ല.
എന്നാൽ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനവേദിയിൽ വി.എസിനെ എത്തിക്കാൻ നേതൃത്വം താത്പര്യപ്പെടുന്നുണ്ട്.
ആറിടങ്ങളിൽ ഏരിയാ സെക്രട്ടറിമാർക്ക് മാറ്റമില്ല
കോട്ടയം: ജില്ലയിലെ സിപിഎമ്മിന്റ ആറ് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ആറിടത്തും സെക്രട്ടറിമാർക്ക് മാറ്റമില്ല. ചങ്ങനാശേരി, അയർക്കുന്നം, പുതുപ്പളളി, വാഴൂർ, തലയോലപ്പറന്പ്, വൈക്കം ഏരിയാ സമ്മേളനങ്ങളാണ് പൂർത്തിയായത്. ചങ്ങനാശേരിയിൽ കെ.സി.ജോസഫും അയർക്കുന്നത്ത് പി.എൻ.ബിനുവും പുതുപ്പള്ളിയിൽ സുഭാഷ് പി.വർഗീസും വീണ്ടും സെക്രട്ടറിമാരായി.
വാഴൂരിൽ വി.ജി.ലാൽ തുടരും. തലയോലപ്പറന്പിൽ കെ.ശെൽവരാജും വൈക്കത്ത് കെ.അരുണനുമാണ് സെക്രട്ടറിമാർ.
ഇനി സമ്മേളനം നടക്കാനുള്ളത് കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ സമ്മേളനങ്ങളാണ്. ഇതിൽ കോട്ടയത്തും ഏറ്റുമാനൂരും സെക്രട്ടറിമാർ മാറിയേക്കും. ജനുവരി 14മുതൽ കോട്ടത്താണ് ജില്ലാ സമ്മേളനം