ജിബിൻ കുര്യൻ
കോട്ടയം: തുടർഭരണ ശോഭയിൽ സിപിഎം സംസ്ഥാന സമ്മേളനത്തിന് അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ നാളെ ചെങ്കൊടി ഉയരും.
കൊച്ചിയുടെ ഹൃദയമനോഹരമായ മറൈൻഡ്രൈവിൽ തയാറാക്കിയ പ്രത്യേക നഗറിൽ നാളെ മുതൽ നാലുവരെയാണ് സമ്മേളനം.
ബി. രാഘവൻ നഗറിൽ പ്രതിനിധി സമ്മേളനവും ഇ.ബാലനന്ദൻ നഗറിൽ പൊതുസമ്മേളനവും നടക്കും. പ്രതിനിധികള്‍ എത്തിത്തുടങ്ങി.
നാനൂറു പ്രതിനിധികളും 23നിരീക്ഷകരും 86 സംസ്ഥാനസമിതിയംഗങ്ങളുമുള്പ്പടെ അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സെമിനാറുകൾ, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശിൽപ്പങ്ങളിലും ദൃശ്യവൽക്കരിച്ച ചരിത്രപ്രദർശനം, സാംസ്കാരികസംഗമം തുടങ്ങിയവ നാലുനാൾ അഭിമന്യു നഗറിനെ സന്പന്നമാക്കും.
നാളെ രാവിലെ ഒന്‍പതിന് സമ്മേളനപതാക ഉയരും. രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും.
തുടർന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിനു വൈകുന്നേരം അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രൻപിള്ളി, ജി. രാമകൃഷ്ണൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ബാക്ടീരിയ-വൈറസ് ഇന്ഫെക്ഷന് ഉണ്ടാകാത്ത തരത്തില്‍ പ്രത്യേക സൗകര്യ ങ്ങളാണ് ഇക്കുറിയൊരുക്കിയിരിക്കുന്നത്.
നവകേരളത്തിനായുള്ള നയരേഖ
സാധാരണ സമ്മേളനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ തുടർഭരണം ലഭിച്ച ശോഭയിലും സന്തോഷത്തിലുമാണ് സിപിഎം സംസ്ഥാന സമ്മേളനം വീണ്ടും തുടർഭരണത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള പാർട്ടി പരിപാടിക്ക് രൂപം നൽകുന്നതിനായി ഇത്തവണ സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിനു പുറമേ നവകേരള സൃഷ്്ടിക്കുള്ള നയരേഖയും അവതരിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് അവതരിപ്പിക്കുന്നത്. 25 വർഷത്തെ കേരളത്തിന്റെ വികസനം എന്തായിരിക്കണമെന്നുള്ള രൂപരേഖയാണ് നയരേഖയിലുള്ളത്.
സമ്മേളനത്തിന്റെ രണ്ടാം ദിനം പ്രവർത്തന റിപ്പോർട്ടിനൊപ്പം വികസന നയരേഖയും പ്രതിനിധകൾ ചർച്ച ചെയ്യും. സമാപന ദിവസം പുതിയ സംസ്ഥാന കമ്മറ്റിയേയും സെക്രട്ടേറിയേറ്റിനേയും സെക്രട്ടറിയേയും അഖിലേന്ത്യ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.