കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തിൽ വീട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ. ഇതോടെ കാഞ്ഞിരപ്പള്ളി സീറ്റിനെ ചൊല്ലി എൽഡിഎഫിൽ പിടിവലി.
പഴയ മുന്നണി സംവിധാനത്തിൽ യുഡിഎഫിൽ കേരള കോണ്‍ഗ്രസ്-എമ്മും എൽഡിഎഫിൽ സിപിഐയും മൂന്നു പതിറ്റാണ്ടായി നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമായിരുന്നു കാഞ്ഞിരപ്പള്ളി.
നിലവിൽ കേരള കോണ്‍ഗ്രസ് എമ്മിലെ എൻ. ജയരാജാണ് എംഎൽഎ. കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിലപാടിലാണ് ജോസ് കെ. മാണിയും കൂട്ടരും.
എന്നാൽ ഒരു കാരണവശാലും സീറ്റ് വിട്ടു തരില്ലെന്ന നിലപാടിലാണ് സിപിഐയും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കേരള കോണ്‍ഗ്രസിനു വിട്ടുനല്‍കി പകരം മറ്റൊരു സീറ്റ് വാങ്ങുമെന്ന് രാഷ്്ട്രീയ സംസാരമുണ്ടായിരുന്നു.
എന്നാൽ ഇന്നലെ ചേർന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ഒരു കാരണവശാലും സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനമാണെടുത്തത്. ഇതോടെ പാലാ സീറ്റിനു പുറമേ കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തിലും തർക്കം രൂക്ഷമായിരിക്കുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന തീരുമാനമെടുത്തത്. കഴിഞ്ഞ തവണ 3800 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട സീറ്റിൽ ഇത്തവണ വിജയ സാധ്യതയുണ്ട്.
വാഴൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കാഞ്ഞിരപ്പള്ളിയിൽ ഇതിനു മുന്‍പ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വിജയിച്ചിട്ടുമുണ്ട്. അതിനാൽ സീറ്റിൽ സിപിഐയ്ക്ക് തന്നെയാണ് അർഹതയെന്നും യോഗം അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി ഏറ്റെടുത്ത് കോട്ടയം, പൂഞ്ഞാർ സീറ്റുകൾ നൽകാമെന്ന സിപിഎമ്മിന്റെ ഫോർമുല യോഗം തള്ളി കളഞ്ഞു. ഇന്നു കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ നടക്കുന്ന ജില്ലാ കൗണ്‍സിൽ യോഗം ചേരും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും പങ്കെടുക്കും.
പഴയ വാഴൂർ അസംബ്ലി മണ്ഡലത്തിന്റെ ഏറിയ പ്രദേശങ്ങളും ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി. കെ. നാരായണക്കുറുപ്പും പി.സി. തോമസുമൊക്കെ വാഴൂരിൽ സിപിഐയുമായി എതിരിട്ടിരുന്നു.
വാഴൂരിലും പിന്നീട് കാഞ്ഞിരപ്പള്ളിയിലുമായി നാലു തവണ വിജയം ആവർത്തിക്കുന്ന എൻ. ജയരാജിനാണ് സീറ്റീന് അർഹതയെന്ന നിലപാടിലാണ് ജോസ് കെ. മാണി വിഭാഗം.
തദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, വാഴൂർ, മണിമല, കറുകച്ചാൽ, കങ്ങഴ, ചിറക്കടവ് പഞ്ചായത്തുകൾ എൽഡിഎഫിനു ലഭിച്ചപ്പോൾ നെടുങ്കുന്നത്ത് യുഡിഎഫും പള്ളിക്കത്തോട്ടിൽ ബിജെപിയുമാണ് വിജയിച്ചത്.
യുഡിഎഫിൽ കാഞ്ഞിരപ്പള്ളി പിടിക്കാൻ കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസ് ജോസഫിലും നേതാക്കൻമാർ പലരാണ് കച്ചകെട്ടിയിരിക്കുന്നത്.