കാഞ്ഞങ്ങാട്: കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്കിയ സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിവാദ തീരുമാനം സംസ്ഥാന നേതൃത്വം ഇടപെട്ട് മരവിപ്പിച്ചു.
ഇതേത്തുടര്‍ന്ന് മൂവരും രാജിവച്ചു. പെരിയ കല്യോട്ട് ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി എ. പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാംപ്രതി സജി ജോര്‍ജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാംപ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവരാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലി രാജിവച്ചത്.
മേയ് 17 നാണ് മൂവരും ജോലിയില്‍ പ്രവേശിച്ചത്. 465 അപേക്ഷകരില്‍നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
കേസിലെ ആദ്യ മൂന്നു പ്രതികളുടെയും ഭാര്യമാരുടെ പേരുകള്‍ പട്ടികയിലെ ആദ്യ മൂന്നു സ്ഥാനത്തെത്തിയത് ഏറെ വിവാദമായിരുന്നു.
കൊലക്കേസ് പ്രതികളെ സിപിഎം തള്ളിപ്പറഞ്ഞതും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതും നാടകമായിരുന്നെന്നും പാര്‍ട്ടിയുടെ ക്വട്ടേഷന്‍ നടപ്പാക്കിയതിന്റെ കൂലിയാണ് പ്രസ്തുത നിയമനമെന്നും വ്യാപകമായി വിമര്‍ശനമുയര്‍ന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭപരിപാടികള്‍ അരങ്ങേറി.