ചാലക്കുടി: നഗരസഭയിൽ സ്വതന്ത്രന്മാരുടെ ഭരണത്തിനെതിരെ ഉയർന്ന ജനവികാരം ഇടതുമുന്നണിക്ക് തിരിച്ചടിയായി. ഇരുമുന്നണിക്കും ഭൂരിപക്ഷമില്ലാതിരുന്ന കഴിഞ്ഞ നഗരസഭയിൽ രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തിയിരുന്നത്.
എന്നാൽ ആദ്യത്തെ ഒരു വർഷം മാത്രമെ ഇടതുമുന്നണിയിൽ യോജിപ്പുണ്ടായിരുന്നുള്ളൂ. ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന ധാരണകളെല്ലാം കാറ്റിൽപറത്തി സ്വതന്ത്രന്മാർ ആധിപത്യം ഉറപ്പിച്ചതോടെയാണ് ഇടതുമുന്നണിയിൽ കലാപക്കൊടി ഉയർന്നത്.
സ്വതന്ത്രന്മാർക്കെതിരെ ഭരണകക്ഷിയിലെ സിപിഐയും സിപിഎമ്മിലെ ഒരു വിഭാഗവും കൈക്കോർത്തപ്പോൾ എംഎൽഎയുടെ നേതൃത്വത്തിലുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയിൽ സ്വതന്ത്രന്മാർ ഭരണം കൈയിലെടുത്തു. നഗരസഭാ യോഗങ്ങളിൽ ഭരണപക്ഷം രണ്ടുതട്ടിലായിരുന്നു.
ഇതോടെ നഗരസഭ ഭരണവും താളം തെറ്റി. കഴിഞ്ഞ ഭരണകാലത്ത് ബാക്കിയായ വികസന പ്രവർത്തനങ്ങൾ താളം തെറ്റി. നോർത്ത് ബസ് സ്റ്റാൻഡും, ടൗൺ ഹാൾ നിർമാണവും ഭരണമുന്നണി മറന്നു.
നിർമാണത്തിനുവേണ്ടി ബജറ്റിൽ വകയിരുത്തുക മാത്രമെ ചെയ്തിരുന്നുള്ളൂ. ഇതിനുവേണ്ടി നീക്കിവച്ചിരുന്ന ഫണ്ടുകൾ ഒടുവിൽ വകമാറ്റുകയും ചെയ്തിരുന്നു.
ഈ മുന്നണിയുടെ കാലത്ത് നിർമാണം ആരംഭിച്ച നഗരസഭ പാർക്കിന്റെ നിർമാണവും ഇഴഞ്ഞുനീങ്ങി. ഒരുവർഷംകൊണ്ട് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കി പാർക്ക് തുറന്നുകൊടുക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ അഞ്ചുവർഷമെത്തിയിട്ടും ആദ്യഘട്ടംപോലും പൂർത്തിയാക്കാനായില്ല.
സർക്കാരിന്റെ പദ്ധതിവിഹിതം പോലും ചെലവഴിക്കാനാകാതെ നഷ്ടപ്പെട്ടു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾപോലും ലഭ്യമാക്കാൻ ഭരണത്തിനായില്ല.
ഒടുവിൽ ഭരണത്തിന്റെ അവസാന നാളുകളിൽ നിർമാണങ്ങൾ പൂർത്തികരിക്കാനാകാതെ ഉദ്ഘാടനങ്ങളുടെ പൂരമാക്കി മാറ്റിയപ്പോൾ ജനങ്ങൾ പുറംതിരിഞ്ഞുനിന്നു. ഭരണത്തിലെ വീഴ്ചകൾ ജനങ്ങളിലെത്തിക്കുന്നതിൽ പ്രതിപക്ഷം വിജയിക്കുകയും ചെയ്തു.
നഗരസഭ ഭരണകക്ഷി ലീഡർ പി.എം. ശ്രീധരനെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിൽ തളച്ചിട്ടു. സ്വതന്ത്രർക്കെതിരെ പ്രതീകരിച്ച ശ്രീധരന് ഒടുവിലത്തെ ഒരുവർഷം വൈസ് ചെയർമാൻ സ്ഥാനം നൽകാനുള്ള ധാരണപോലും നിഷേധിക്കപ്പെട്ടു. ഒടുവിൽ തെരഞ്ഞെടുപ്പിൽ ശ്രീധരനു സീറ്റും നിഷേധിച്ചു.
ഉറുന്പൻകുന്നിൽ സ്ഥാനാർഥിയാകാനിരുന്ന ശ്രീധരനെ മാറ്റി പകരം മത്സരിച്ച സിപിഎം ലോക്കൽ സെക്രട്ടറി പി.എം. സന്തോഷ് ദയനീയമായി പരാജയപ്പെട്ടു എന്നുമാത്രമല്ല, സിപിഎം റിബൽ വിജയം നേടുകയും ചെയ്തു. കഴിഞ്ഞ കൗൺസിലിൽ 17 പേരുണ്ടായിരുന്ന എൽഡിഎഫ് അഞ്ചുപേരിൽ ഒതുങ്ങുകയും ചെയ്തു.
നഗരസഭയുടെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എൽഡിഎഫ് ഇത്രയും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.