മുക്കം: തിരിഞ്ഞ് നോക്കാനാളില്ലാതെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട തുടി ഗ്രാമീണ കലാകേന്ദ്രം നാശത്തിന്റെ വക്കിൽ.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന മാട്ടു മുറി കോളനിയിലാണ് അധികൃതരുടെ അനാസ്ഥയുടെ മറ്റൊരു ഉദാഹരണം കൂടിയായി ഈ സ്ഥാപനം നിലനിൽക്കുന്നത്.
2012 ൽ മന്ത്രി കെ.പി. ജയലക്ഷ്മി ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിനാണ് ഈ ദുർഗതി. ആദ്യ നാല് വർഷം നല്ല നിലയിൽ തന്നെ പ്രവർത്തിച്ച സ്ഥാപനത്തെ തുടർന്ന് വന്ന ഭരണ സമിതി തിരിഞ്ഞ് നോക്കിയില്ലന്ന് പ്രദേശവാസികൾ പറയുന്നു.
ഒരു ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ വാദ്യോപകരണങ്ങൾ ഒന്നുപോലും ഇവിടെ കാണാനില്ല. 50000 രൂപ ചിലവഴിച്ച് വാങ്ങിയ പുസ്തകങ്ങൾ മിക്കതും നഷ്ടപ്പെട്ടിരിക്കുന്നു.
വർഷങ്ങളായി ഉപയോഗിക്കാതിരുന്നതിനാൽ കംപ്യൂട്ടറുകളും കേട് വന്നു. കസേരകളും സ്റ്റീൽ പാത്രങ്ങളും പൊടിപിടിച്ച അവസ്ഥ.ഫർണീച്ചറുകൾക്കിടയിൽ ചത്ത് കിടക്കുന്ന എലികളും.
2016ൽ ഒരു മീറ്റിംഗ് കൂടി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തതായി മിനുട്സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നെ ഒരു യോഗം പോലും നടന്നിട്ടില്ല എന്നതിനും ഈ പുസ്തകം തന്നെ തെളിവ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും തുടി ഗ്രാമീണ കലാകേന്ദ്രത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും ഗ്രാമ പഞ്ചായത്തംഗം ഷിഹാബ് മാട്ടു മുറി പറഞ്ഞു.
വൈഫൈ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹംപറഞ്ഞു. ഒരു പ്രദേശത്തെ നിരവധി വിദ്യാർഥികൾ ഉൾപ്പെടെ റഫറൻസ് ലൈബ്രറിയായി ഉപയോഗിച്ചിരുന്ന ഒരു സ്ഥാപനത്തിനാണ് ഈ ഗതികേട്. പുതിയ ഭരണസമിതിയും ഗ്രാമ പഞ്ചായത്തംഗവും തങ്ങളുടെ ഈ ദുരവസ്ഥ മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും .