കോഴിക്കോട് : ആന്റി നെക്സല്‍ സ്ക്വാഡ് അംഗങ്ങളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കളെ റിമാന്‍ഡ് ചെയ്തു. പുതുപ്പാടി ഒടുങ്ങാക്കാട് കല്ലുംതൊടി കെ.ടി.അബ്ദുള്‍ റഫീഖ്(42), പുതുപ്പാടി കൈതപ്പൊയില്‍ തരിശേരിയില് പി.കെ.ഹേമന്ത്(34), എന്നിവരെയാണ് താമരശേരി കോടതി റിമാന്‍ഡ് ചെയ്തത്.
മാവോയിസ്റ്റ് സാന്നിധ്യമേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ ആക്രമണസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആന്റി നെക്സല്‍ സ്ക്വാഡിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോടഞ്ചേരിയില്‍ വിന്യസിപ്പിച്ച സ്ക്വാഡ് അംഗങ്ങളോടാണ് ഇവര്‍ അസഭ്യം പറയുകയും കെയേറ്റം ചെയ്യുകയും ചെയ്തത്.
ഡ്യൂട്ടിയ്ക്ക് ശേഷം സ്ക്വാഡ് അംഗങ്ങള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം. വിവരമറിഞ്ഞ് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.
മെഡിക്കല്‍ പരിശോധനക്കായി താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും പരിശോധനയ്ക്ക് സമ്മതിച്ചില്ല. ഇക്കാര്യം വിശദമാക്കി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടി കോടതിയില്‍ പോലീസ് ഹാജരാക്കിയതിനെ തുടര്‍ന്നാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തത്. ഹേമന്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും റഫീഖ് സിപിഎം ഭാരവാഹിയുമാണ്.