നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ദുരുപയോഗം ചെയ്തെന്ന് ആരോപണം. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പാർട്ടിയിൽനിന്നും പുറത്താക്കി.
കൂന്പൻമല ബ്രാഞ്ച് അംഗത്തെയാണ് പാർട്ടി അംഗത്വത്തിൽനിന്നും പുറത്താക്കിയതെന്ന് സിപിഎം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു. സംഭവം വിവാദമായതോടെ ബ്രാഞ്ച് കമ്മിറ്റിയംഗം സഞ്ചരിച്ചിരുന്ന വാഹനം നെടുങ്കണ്ടം പോലീസ് പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെ നാലോടെ നെടുങ്കണ്ടം സ്റ്റേഷൻ പരിധിയിലാണ് സംഭവം. മികച്ച മാർക്കു വാങ്ങി വിജയിച്ച വിദ്യാർഥികളെ അനുമോദിക്കാൻ സംഭവമുണ്ടായ സ്ഥലത്ത് പാർട്ടി സമീപകാലത്ത് പരിപാടി സംഘടിപ്പിച്ചിരുന്നു.
ഈ പരിപാടിക്കിടെയാണ് ബ്രാഞ്ച് കമ്മിറ്റിയംഗം 16 വയസുകാരിയുടെ നന്പർ സംഘടിപ്പിച്ച് സൗഹൃദം സ്ഥാപിച്ചത്.
ഇന്നലെ പുലർച്ചെ പെണ്‍കുട്ടിയുടെ വീട്ടിൽ ബ്രാഞ്ച് കമ്മിറ്റിയംഗം എത്തി. രാത്രിയിൽ വീട്ടുകാർ ശബ്ദംകേട്ടു പുറത്തെത്തിയപ്പോഴാണ് ബ്രാഞ്ച് കമ്മിറ്റിയംഗം പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്.
വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ വാഹനവും ഉടുമുണ്ടും ഉപേക്ഷിച്ച് കടന്നു. പോലീസെത്തി ബ്രാഞ്ച് കമ്മിറ്റിയംഗം ഉപേക്ഷിച്ച വാഹനം കസ്റ്റഡിയിലെടുത്തു.
ചൈൽഡ് ലൈൻ പെണ്‍കുട്ടിയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.