പയ്യന്നൂര്‍: പ്രിസൈഡിംഗ് ഓഫീസര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ 37 പേര്‍ക്കെതിരേ കേസ്.
പോളിംഗിനിടയിലും അതിന് ശേഷവുമായി നടന്ന അക്രമങ്ങളില്‍ പരിക്കേറ്റവരുടെ പരാതിയിലാണ് കേസ്.
പയ്യന്നൂര്‍ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ തന്നെ കൈയേറ്റം ചെയ്തതയായുള്ള പാനൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ പ്രകാശന് മറ്റ് കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെയാണ് കേസ്.
തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തിരിച്ചറിയല്‍ രേഖകളിലില്ലാത്ത റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെത്തുടര്ന്നുള്ള വിരോധമാണ് കൈയേറ്റത്തിനു കാരണമെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
തായിനേരി സ്കൂളിലെ 86 എ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന കെ.വി.മുരളിയുടെ പരാതിയില്‍ സാജിത്ത്, വൈശാഖ് എന്നിവര്‍ക്കെതിരേയും മറ്റ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയും കേസെടുത്തു.
കള്ളവോട്ട് തടയാനുള്ള ശ്രമത്തിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി.
പെരുമ്പ യുപി സ്കൂളിലെ ബൂത്തിന് പുറത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നോര്‍ത്ത് മണ്ഡലം ട്രഷറര്‍ മുഹമ്മദ് ഷെഫീഖിന് മര്‍ദനമേറ്റ സംഭവവുമുണ്ടായി.
രാഷ്ട്രീയ വിരോധത്താല്‍ കൈകൊണ്ടും ചെടിച്ചട്ടികൊണ്ടും ആക്രമിക്കുകയായിരുന്നു എന്ന ഇയാളുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേയും കേസെടുത്തത്.