ജോണ്സണ് വേങ്ങത്തടം
കോട്ടയം : സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ അന്വേഷണ കമ്മീഷന് റിപ്പോര്ട്ടിന്മേലുള്ള നടപടി വൈകുന്നു.
വിഭാഗീയതയും ചേരിത്തിരിവുമില്ലെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ പോലുള്ള നേതാക്കള്‍ പറയുന്പോഴും ആലപ്പുഴ, എറണാകുളം പോലുള്ള ജില്ലകളില്‍ പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പുറത്തെടുക്കാന്‍ പോലും കഴിയുന്നില്ല.
രണ്ടു ജില്ലകളിൽ
ആകെയുള്ള 14 ജില്ലകളില്‍ കണ്ണൂരും കോഴിക്കോടും മാത്രമാണ് നടപടി എടുത്തിരിക്കുന്നത്. ഇടുക്കിയിലും തിരുവനന്തപുരത്തും നടപടി തുടങ്ങിവച്ചു.
എന്നാല്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ട് മരവിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ കമ്മീഷന് ശിപാര്‍ശകള്‍ ഇനി വെളിച്ചം കാണുമോയെന്നു കണ്ടറിയണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടു പോലും കോഴിക്കോട് കുറ്റ്യാടിയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാർഥിക്ക് അനുകൂലമായ നിലപാടുകള്‍ കൈക്കൊണ്ടില്ലായെന്നതായിരുന്നു തരംതാഴ്ത്തലിന് കാരണം.
കണ്ണൂരാകട്ടെ നഗരസഭാധ്യക്ഷയും മന്ത്രി എം.വി ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയ്ക്കെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കൂത്തുപറമ്പ്, തളിപ്പറമ്പ് ഏരിയയിലെ രണ്ട് ഏരിയാ നേതാക്കളും 19 പ്രാദേശിക നേതാക്കളുമുള്‍പ്പെടെ നടപടിക്കു വിധേയരായിക്കഴിഞ്ഞു.
ഇടുക്കിയിലും നടപടി
അതോടൊപ്പം ഇടുക്കിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെയും നടപടിയാരംഭിച്ചു.
തിരുവനന്തപുരത്ത് അരുവിക്കര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിനെതിരെയുള്ള നടപടിയിലും ഈയാഴ്ച തന്നെ അന്തിമ തീരുമാനമാകും.
എന്നാല്‍, തെക്കന്‍ ജില്ലകളായ എറണാകുളത്തും ആലപ്പുഴയിലും നടപടി കാര്യത്തില്‍ മെല്ലെപ്പോക്കാണ്.
എറണാകുളത്ത് മെല്ലെപ്പോക്ക്
എറണാകുളത്തു മാത്രം മാസങ്ങളായി മൂന്നു കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടെണ്ണം നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ചും ഒരെണ്ണം സാമ്പത്തിക അച്ചടക്കമില്ലായ്മയുമായി ബന്ധപ്പെട്ട പരാതിയിലുമാണ് അന്വേഷണം നടത്തിയത്.
ഇതില്‍ തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് അതാതിടങ്ങളിലെ നേതാക്കളെക്കുറിച്ച് ഗോപി കോട്ടമുറി കമ്മീഷനും സി.എം ദിനേശ് മണി കമ്മീഷനുമാണ് അന്വേഷണം നടത്തിയത്.
ഇതുവരെ റിപ്പോര്‍ട്ടുകള്‍ സമര്പ്പിച്ചിട്ടില്ലായെന്നാണറിവ്. അതോടൊപ്പം മുളന്തുരുത്തി ഏരിയാ യില്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ ജീവനക്കാരായ രണ്ട് ഏരിയാ കമ്മിറ്റിയംഗങ്ങള്‍ക്കെതിരെ ജോണ്‍ ഫെര്‍ണാണ്ടസ് കമ്മീഷന് നടത്തിയ അന്വേഷണത്തിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.
ആലപ്പുഴയിലാകട്ടെ എളമരം കമ്മീഷന്, റിപ്പോര്‍ട്ട് നല്കാന് വൈകുന്നതില്‍ അണികളിലും പ്രവര്‍ത്തകരിലും വന്‍ അതൃപ്തിയാണുള്ളത്.
കമ്മീഷന് റിപ്പോര്‍ട്ടുകള്‍ നടക്കുന്നതിനിടയില്‍ത്തന്നെ ആലപ്പുഴയില്‍ സിപിഎം പ്രാദേശിക ഘടകം നടത്തിയ പരിപാടിയില്‍ മന്ത്രി സജി ചെറിയാന് പങ്കെടുത്തപ്പോള്‍ എംഎല്‍എയായ ജെ. ചിത്തരഞ്ജനെ പങ്കെടുപ്പിച്ചില്ല.
സുധാകര പക്ഷത്തിന് മുന്‍തൂക്കമുള്ള ആലപ്പുഴ നോര്‍ത്തില്‍ പിണറായി പക്ഷക്കാരനായ ജെ. ചിത്തരഞ്ജനെഅടുപ്പിക്കാത്തത് ഇവിടെ വന്‍ വിവാദത്തിന് കാരണമായിട്ടുണ്ട്.