പത്തനംതിട്ട: താഴെ വെട്ടിപ്പുറത്ത് സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിന്റെ അക്രമവും ഭീഷണിയും കാരണം വിശ്വകർമ കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കേരള വിശ്വകർമ സഭാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഏറ്റവും ഒടുവിൽ താഴേവെട്ടിപ്പുറം ചരിവുപറന്പിൽ അശോകനാചാരിയുടെ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ അശോകനാചാരി, ഭാര്യ സതി, മകൾ ആതിര, അശോകനാചാരിയുടെ ജ്യേഷ്ഠൻ കുട്ടപ്പായി എന്നിവർക്ക് പരിക്കേറ്റു.
പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവദിവസം അശോകനാചാരിയുടെ മകനുമായുണ്ടായ തർക്കത്തെ തുടർന്നാണ് കൗണ്‍സിലറും സംഘവും കുടുംബത്തിനുനേരെ അക്രമം അഴിച്ചുവിട്ടതെന്ന് വിശ്വകർമസഭാ ഭാരവാഹികൾ ആരോപിച്ചു.
ഭരണത്തിന്റെ മറവിൽ നടക്കുന്ന ഗുണ്ടാപ്രവർത്തനം കാരണം തങ്ങൾക്കു ജീവിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ആക്രമിക്കപ്പെടുകയാണ്. ഇതിനെതിരേ ശക്തമായ നടപടിയെടുക്കണമെന്നും വിശ്വകർമസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.എൻ.മോഹൻദാസ്, ജില്ലാ പ്രസിഡന്റ് ബിജി സുകുമാരൻ, താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.വെങ്കിടാചലം, യൂണിയൻ സെക്രട്ടറി ആർ. ബൈജു, ട്രഷറാർ ഗോവിന്ദരാജൻ, ശാഖാസെക്രട്ടറി മനോജ് പി. ആചാരി എന്നിവർ പങ്കെടുത്തു.