ഷൊർണൂർ: യുവസംരംഭകൻ 20 കോടി രൂപ ചെലവിൽ തുടങ്ങാനിരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ചികിത്സാ കേന്ദ്രവും ഫാം ടൂറിസംപദ്ധതിയും സിപിഎം എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടി വന്നതായി പരാതി.
പട്ടിത്തറ പഞ്ചായത്തിൽ തുടങ്ങാനിരുന്ന പദ്ധതിക്കാണ് അകാലത്തിൽ ചരമക്കുറിപ്പ് എഴുതേണ്ട സാഹചര്യം ഉണ്ടായതെന്ന് രഹ്ന ഹോംസ് ആൻഡ് ഡെവലപ്പേഴ്സ് ഉടമ പേരാമംഗലം സ്വദേശി സക്കീർ ഹുസൈൻ പറഞ്ഞു.
രണ്ടുവർഷം മുന്പാണ് സിപിഎം പ്രവർത്തകരുടെ സമരത്തെതുടർന്ന് പട്ടിത്തറ പഞ്ചായത്തിൽ തുടങ്ങാനിരുന്ന സംരംഭം മുടങ്ങിപ്പോയതെന്ന് അദ്ദേഹം പറയുന്നു. പദ്ധതി പാതിവഴിയിൽ നിലച്ചതോടെ നല്ലൊരു തുക കടബാധ്യത വന്നതായും ഈ പദ്ധതി ഉപേക്ഷിക്കുന്നതിന് സിപിഎമ്മുകാരാണ് പൂർണ ഉത്തരവാദികളെന്നും സക്കീർ ഹുസൈൻ കുറ്റപ്പെടുത്തി.
20 കോടി രൂപയുടെ പ്രോജക്ടാണ് പാതിവഴിയിൽ നിലച്ചത്. പട്ടിത്തറ പഞ്ചായത്തിന് മുന്പിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയിരുന്നത്. സ്ഥലംവാങ്ങിയ അന്നുമുതൽ സിപിഎം നേതാക്കൾ പണം ആവശ്യപ്പെട്ടു സമീപിച്ചിരുന്നതായി ഇദ്ദേഹം പറഞ്ഞു.
രണ്ടുവർഷത്തോളം നിർമാണത്തിന്റെ വിവിധഘട്ടങ്ങളിൽ നേതാക്കൾക്ക് പണം നൽകി. സാന്പത്തിക ബുദ്ധിമുട്ടുമൂലം പണം കൊടുക്കാൻ കഴിയാതെ വന്നപ്പോഴാണ് പദ്ധതിക്കു മുന്പിൽ സമരം തുടങ്ങിയത്. ഇതോടെ നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ചു. സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ഇതിനു മുന്നിൽ കൊടിനാട്ടുകയും ചെയ്തു.
ഇതു കൂടാതെ റോഡരികിൽ ചുറ്റുമതിലിന് സമീപത്തായി നിർമിച്ച പൂന്തോട്ടവും മരങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇതോടെ നിർമാണപ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. നിലവിൽ പദ്ധതിക്കായി കണ്ടെത്തിയ സ്ഥലവും നിർമാണപ്രവൃത്തിയും അനാഥമാണ്- സക്കീർ ഹുസൈൻ പറയുന്നു.
കേരളത്തിലെ തന്റെ മുഴുവൻ സംരംഭങ്ങളും അവസാനിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറാനാണ് തീരുമാനമെന്ന് സക്കീർഹുസൈൻ അന്നു വ്യക്തമാക്കിയിരുന്നു. തന്റെ സ്വപ്നപദ്ധതിയാണ് പട്ടിത്തറയിൽ മുടങ്ങിക്കിടക്കുന്നതെന്നും 20 കോടി ഇതിനായി ചെലവാക്കിയത് പാഴായെന്നും യുവസംരംഭകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സക്കീർ ഹുസൈൻ പറഞ്ഞു.
എന്നാൽ ആരോപണങ്ങളിൽ യാതൊരു കഴന്പുമില്ലെന്നാണ് പട്ടിത്തറ പഞ്ചായത്തിലെ സിപിഎം നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായ ടി.കെ. വിജയൻ പറയുന്നത്. നിർമാണത്തിനായി മണ്ണെടുത്ത ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായെന്നും ഇത് താഴ്വാരത്തെ വീടുകളെ ബാധിച്ചതോടെ പ്രതിഷേധം ഉണ്ടാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സ്ഥലം മുറിച്ചുവില്ക്കാൻ വ്യവസായ ഉടമ മുതിർന്നതോടുകൂടിയുണ്ടായ ജനകീയസമരമാണ് സംരംഭം മുടങ്ങാൻ കാരണമായത്. റോഡരിക് കൈയേറിയുള്ള പൂന്തോട്ടനിർമാണം ആരംഭിച്ചതോടെയാണ് സിപിഎമ്മിന് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
യാഥാർത്ഥ്യം എന്തായിരുന്നാലും കോടിക്കണക്കിന് രൂപയുടെ മുതൽമുടക്കിൽ ആരംഭിക്കാനിരുന്ന വ്യവസായമാണ് ഇല്ലാതായത്. പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ വികസന വഴിത്താരയിൽ നാഴികക്കല്ലാകുമായിരുന്ന പദ്ധതിയാണ് ഇത്.